ഹെയ്തിയിൽ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 17 അംഗ യുഎസ് മിഷനറി സംഘത്തിലെ രണ്ടുപേരെ മോചിപ്പിച്ചു
ഹെയ്തിയിൽ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 17 അംഗ യുഎസ് മിഷനറി സംഘത്തിലെ രണ്ടുപേരെ മോചിപ്പിച്ചു. ഇക്കാര്യത്തിൽ വളരെക്കുറിച്ചു വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും എന്നാൽ രണ്ടുപേരെ മോചിപ്പിച്ചു എന്നത് സ്ഥിരീകരിക്കാമെന്നും ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറി സഭയുടെ വെബ്സൈറ്റിലെ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ മാസം 16 നാണ് പതിനാറ് യുഎസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമുൾപ്പെടുന്ന സംഘത്തെ ക്രിമിനൽസംഘം തട്ടിക്കൊണ്ടുപോയത്. അനാഥാലയത്തിൽനിന്നു താമസസ്ഥലത്തേക്കു മടങ്ങും വഴിയായിരുന്നു ഇത്. മിഷനറി സംഘത്തിൽ പതിനെട്ടിനും 48 നും ഇടയിൽ പ്രായമുള്ള 12 പേരും എട്ടുമാസം മുതൽ 15 വയസ് വരെ പ്രായമുള്ള അഞ്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. മോചിതരായവരുടെ പേര്, മോചനത്തിന്റെ കാരണം, അവർ ഇപ്പോൾ എവിടെയാണ് എന്നിങ്ങനെയുള്ളവ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ല. രണ്ടുപേരുടെ മോചനത്തിൽ ആഹ്ലാദിക്കുന്പോഴും പതിനഞ്ചുപേർ കൊള്ളസംഘത്തിന്റെ പിടിയിൽത്തന്നെയാണ്. ഹെയ്ത്തി പ്രസിഡന്റ് ജോവനേൽ മോയിസ് കഴിഞ്ഞ ജൂലൈയിൽ വീട്ടിൽ വെടിയേറ്റ് മരിച്ചതിനുശേഷം രാജ്യത്തെ ക്രമസമാധാനനില തകർന്ന അവസ്ഥയിലാണ്. മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നതും പതിവായിരിക്കുകയാണ്. ഹെയ്ത്തിലേക്കു പോകരുതെന്ന് പൗരന്മാർക്ക് യുഎസ് ഭരണകൂടം മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
