സിവി. മാത്യുവിന് പ്രഥമ തോന്നയ്ക്കൽ അവാർഡ്
ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ തോന്നയ്ക്കൽ അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി.
ക്രൈസ്തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്ക്കാരം. കഴിഞ്ഞ മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർത്ഥം നൽകുന്ന അവാർഡ് ഡിസംബർ 2ന് യു എ ഇ ചാപ്റ്റർ വാർഷിക യോഗത്തിൽ സി വി മാത്യുവിന് സമ്മാനിക്കും.
പെന്തെക്കോസ്ത് പത്ര പ്രവർത്തന രംഗത്ത് പ്രമുഖ പങ്ക് വഹിച്ച സി.വി. മാതു യുവജനകാഹളം എഡിറ്റർ, പി വൈ പി എ സിൽവർ ജൂബിലി സുവനീർ എഡിറ്റർ, പി.വൈ.പി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ഐപിസി ജനറൽ കൗൺസിൽ അംഗം തുടങ്ങി വിവിധ പ്രവർത്തന മേഖലയിൽ സേവനം അനുഷ്ഠിച്ചു. ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗമാണ്.
കേരളത്തിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യത്തിനും സഹകരണത്തിനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത സിവി മാത്യു ഐക്യ പെന്തെക്കോസ്ത് സംരംഭങ്ങൾക്ക് നേതൃത്വം വഹിച്ചു. നിരവധി എഴുത്തുകാരെ വളർത്തിയെടുത്ത അദ്ദേഹം പത്രാധിപ ലേഖനങ്ങളിലൂടെ കാലാകാലങ്ങളിൽ സഭയിൽ കടന്നു കൂടിയ ജീർണതകൾക്ക് എതിരെ ശക്തമായ താക്കീത് നൽകി. അനാത്മികതയേയും ദുരാചാരങ്ങളേയും നഖശിഖാന്തം നേരിടുവാനും
സഭാ നേതാക്കൻമാരെ ശരിയായ ദിശയിലേക്ക് നയിക്കുവാനും തന്റെ എഴുത്തുകൾ ഉതകിയിട്ടുണ്ട്.
സി വി മാത്യുവിന്റെ വിശുദ്ധനാട്ടിലേക്കുള്ള യാത്ര എന്ന ലേഖന പരമ്പര പിന്നീട് ഗ്രന്ഥരൂപത്തിൽ പുറത്തിറക്കിയത് അനുവാചക ശ്രദ്ധ നേടി.
പരിമിത വാക്കുകൾ കൊണ്ട് തനതായ ശൈലി സൃഷ്ടിച്ചെടുക്കുന്ന സി.വിയുടെ ലേഖനങ്ങളും കുറിപ്പുകളും ചിന്താ വിഷയങ്ങളും ശ്രദ്ധേയമാണ്. ക്രൈസ്തവ സഹിത്യ അക്കാഡമി, സർഗ്ഗസമിതി,
ലോഗോസ് ബൈബിൾ കോളേജ് , കുവൈറ്റ് ക്രിസ്ത്യൻ റൈറ്റേഴ്സ് അസോസിയേഷൻ, ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യൻ ചർച്ചസ്, ഐപിസി കേരള സ്റ്റേറ്റ് , ഐപിസി ഗ്ലോബൽ മീഡിയ, പ്രയിസ് മെലഡീസ്, യു പി എഫ് യു എ ഇ എന്നിവയുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തൃശ്ശൂർ ആൽപ്പാറ ഐപിസി അംഗമാണ്.
ഭാര്യ: അമ്മിണി മാത്യു
മക്കൾ: ഉല്ലാസ്, ഉഷസ്
മരുമക്കൾ: നിമ്മി, ബിജോയ്
ഐപിസി ഗോബൽ മീഡിയ യുഎഇ ചാപ്റ്റർ യോഗത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രസിഡണ്ട് പി.സി.ഗ്ലെന്നിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ മീഡിയ അന്തർദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ആന്റോ അലക്സ്, ഷിബു കണ്ടത്തിൽ, കൊച്ചുമോൻ അന്താര്യത്ത്, വിനോദ് എബ്രഹാം, ലാൽ മാത്യു, പാസ്റ്റർ ജോൺ വർഗീസ്, നെവിൻ മങ്ങാട്ട് എന്നിവർ സന്നിഹിതരായിരുന്നു.
