തെരുവുനായയെ റോഡിലൂടെ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത
കട്ടപ്പന: തെരുവുനായയെ വടികൊണ്ട് തല്ലിയ ശേഷം കയര്‍ കൊണ്ട് കുടുക്കിട്ട് റോഡിലൂടെ കെട്ടിവലിച്ചു. കട്ടപ്പന കൈരളി ജങ്ഷനില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു സംഭവം. കൈരളി ജങ്ഷന്‍ മാണ്ടിയില്‍ ഷാബു (51)വാണ് മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ചത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കട്ടപ്പന പോലീസ് ഷാബുവിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കൈരളി ജങ്ഷനില്‍ ഷാബു നായയെ കെട്ടിവലിക്കുന്നത് കണ്ട സിദ്ധാര്‍ത്ഥ് എന്ന യുവാവാണ് ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും നാട്ടുകാരെ അറിയിക്കുകയും ചെയ്തത്. നായയെ ഷാബു വടികൊണ്ട് അടിച്ച ശേഷം വള്ളികൊണ്ട് കെട്ടി റോഡിലൂടെ വലിക്കുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറഞ്ഞു. റോഡിലൂടെ 20 മീറ്ററോളം ഇയാള്‍ നായയെ കെട്ടിവലിച്ചു. ശരീരത്തില്‍ സാരമായി പരുക്കേറ്റ നായയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പിന്നീട് അഭിജിത്ത്, സിദ്ധാര്‍ഥ് എന്നിവരുടെ സംരക്ഷണയില്‍ വിട്ടു.
അതേസമയം തന്നെ ആക്രമിക്കാന്‍ ശ്രമിച്ച നായയെ സ്വയരക്ഷക്കായി കുടുക്കിട്ട് പിടിക്കുകയായിരുന്നുവെന്ന് ഷാബു പറയുന്നു. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമ പ്രകാരവും ഐ.പി.സി സെക്ഷന്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 12ന് നെടുമ്പാശേരി അത്താണിക്ക് സമീപം നായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത് വലിയ വിവാദമായിരുന്നു.
