പാസ്‌റ്റർ. ജോൺ അയ്യാപിള്ള; 12 ഏക്കർ സ്ഥലം ഐ.പി.സി. പ്രസ്ഥാനത്തിന് ദാനം നൽകിയ അനുഗ്രഹീത ദൈവദാസൻ
തിരുവിതാംകൂറിൽ മാരാമൺ ഗ്രാമത്തിൽ ഒരു കുലീന ഹിന്ദു കുടുംബത്തിൽ എട്ടുവീട്ടിൽ പിള്ളമാരുടെ ചെമ്പകശ്ശേരിൽ തറവാട്ടിൽ അയ്യാപിള്ള ജനിച്ചു. പിന്നീട് സ്കൂൾ പഠനകാലത്തു സഹപാഠിയും സുഹൃത്തും ആയിരുന്ന എബ്രഹാം എന്ന സ്നേഹിതനോടൊപ്പം മാര്‍ത്തോമാ സഭയിലെ കപ്യാരുപദേശിയുടെ വേദ പഠനത്തിൽ പങ്കെടുത്തതിലൂടെ ക്രിസ്ത്യാനിത്വത്തോട് താല്പര്യം ഉണ്ടായി കുടുംബത്തെ അറിയിക്കാതെ, അയ്യാപിള്ള ചില ക്രിസ്ത്യാനികളോടൊപ്പം പെരിയാർ നദിയിൽ സ്നാനം സ്വീകരിക്കുകയും പേര് ജോൺ എന്ന് മാറ്റുകയും ചെയ്തു. ക്രിസ്തുമതം സ്വീകരിച്ച് മടങ്ങിവന്ന അയ്യാപിള്ളയെ കുടുംബം പടി അടച്ചു പിണ്ടംവച്ച് വീട്ടിൽനിന്നു പുറത്താക്കി. പുളിമൂട്ടില്‍ ചെറിയാന്‍ എന്ന മുന്‍സിഫ് സ്വഭവനത്തില്‍ അഭയം നല്‍കി, കോടതിയില്‍ ക്ലാര്‍ക്ക് ആയി ഉദ്യോഗം വാങ്ങിക്കൊടുക്കുകയും ചെയ്തു. സുവിശേഷ വേലയിൽ കൂടുതൽ താത്പര്യം കാണിക്കുകയും തിരുവിതാംകൂറിൽ പുതുതായി ആരംഭിച്ച ബ്രദറൻ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. എ.ഡി.ഖാന്‍ എന്ന സുവിശേഷകൻ്റെ പ്രസംഗം കേട്ട് പെന്തെക്കോസ്തു ആശയങ്ങളിലേക്കു കടന്നുവന്നു . തുടർന്ന് പൂര്‍ണ്ണസമയ സുവിശേഷപ്രവര്‍ത്തകനായി.
ബഥേല്‍ ബൈബിള്‍ സ്‌കൂളിൻ്റെ ആരംഭം ജോൺ അയ്യാപിള്ള സാറിൻ്റെ മാവേലിക്കരയിലെ വീട്ടിൽ തന്നെ ആയിരുന്നു. താൻ തൻ്റെ വീട്ടിൽ ആരംഭിച്ച ബഥേൽ ബൈബിൾ സ്കൂളിൽ തനിക്കു നിയന്ത്രണം നഷ്ടമാകുകയും , ഐപിസി അദ്ദേഹത്തെ മാവേലിക്കര സെന്റര് ശുശ്രുഷകനായി നിയമികുകയും ചെയ്തു . ഐ.പി.സി. യിൽ ചേർന്ന അയ്യാപിള്ളസാർ പുനലൂരിൽ തനിക്കുണ്ടായിരുന്ന 12 ഏക്കർ സ്ഥലം ഐ.പി.സി. പ്രസ്ഥാനത്തിന് നൽകി. ആ സ്ഥലത്ത് കൃഷിചെയ്ത് അതിൽനിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് കുമ്പനാട്ടെ ഹെബ്രോൻ ബൈബിൾ സ്ക്കൂളിൻ്റെ ആവശ്യങ്ങൾ നിർ വഹിക്കപ്പെടണം എന്നതായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ പാസ്റ്റർ കെ.ഇ. ഏബ്രഹാം ആ വസ്‌തു വിൽക്കുകയും, അതിലൂടെ ലഭിച്ച പണം കുമ്പനാട് ഹെബ്രോൻ ബഗ്ളാവ് പണിയാൻ ഉപയോഗിക്കുകയും ചെയ്തു. 69 താമത്തെ വയസിൽ അനുഗ്രഹീതനായ ആ ദൈവദാസൻ തൻ്റെ ശുശ്രൂഷ തികച്ച് യാത്രയായി. മക്കളായ പാസ്റ്റർ പി.ജെ.ദാനിയേല്‍, പാസ്റ്റര്‍ പി.ജെ തോമസ് എന്നിവര്‍ കേരളത്തിലെ രണ്ടു പെന്തെക്കോസ്തു പ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാക്കളായി സഭാതലത്തില്‍ പ്രശസ്തരായി. പാസ്റ്റര്‍ കെ.ഇ ഏബ്രഹാമിൻ്റെ മകന്‍ പാസ്റ്റര്‍ ഉമ്മന്‍ ഏബ്രഹാമിൻ്റെ ഭാര്യ ലീലാമ്മ പാസ്റ്റര്‍ അയ്യാപിള്ളയുടെ മകളാണ്.
