പുതിയതായി രൂപം കൊണ്ട ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾക്ക് മുന്നാക്ക സമുദായ പദവി നൽകാനാകില്ലെന്ന് മുന്നാക്ക കമ്മീഷൻ
തിരുവനന്തപുരം:പുതിയതായി രൂപം കൊണ്ട ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾക്ക് മുന്നാക്ക സമുദായമെന്ന പദവി നൽകാനാകില്ലെന്ന് കേരളസർക്കാർ. സർക്കാർ രൂപീകരിച്ച സ്റ്റാറ്റ്യൂട്ടറി കമ്മീഷന്റേതാണ് തീരുമാനം. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നീ കമ്മ്യൂണിറ്റികളിൽ നിന്ന് മതംമാറിയവരാണ് ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളിലേറെയുമെന്ന് കേരളാ സ്റ്റേറ്റ് കമ്മീഷൻ ഫോർ ഇക്കണോമിക്കലി ബാക്ക്‌വേർഡ് ക്ലാസസ് എമങ്ങ് ഫോർവാർഡ് കമ്യൂണിറ്റീസ് വ്യക്തമാക്കുന്നു. മുന്നാക്ക സമുദായ പദവി ലഭിക്കാനുള്ള കമ്മ്യൂണിറ്റികളുടെ അഭ്യർത്ഥനകൾ അവലോകനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്മീഷനാണ്. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, സാമ്പത്തികമായുള്ള ദുർബല വിഭാഗങ്ങൾ (ഇഡബ്ല്യുഎസ്) എന്നും അറിയപ്പെടുന്നു. ഇവർക്ക് 2020 മുതൽ സംസ്ഥാനത്ത് 10 ശതമാനം സംവരണം നീക്കിവച്ചിട്ടുണ്ട്. അതിനു ശേഷം മുന്നാക്ക സമുദായ പദവി ലഭിക്കാൻ പലരും മുന്നോട്ടു വരുന്നുണ്ട്. എന്നാൽ എസ്‌സി, എസ്ടി, ഒബിസി അംഗങ്ങളെ തങ്ങളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകളുടെ അപേക്ഷകൾ അംഗീകരിക്കേണ്ടതില്ലെന്നാണ് കമ്മീഷന്റെ തീരുമാനം.
