തുമകുർ : സെൽഫിയെടുക്കുന്നതിനിടെ തടാകത്തിലെ പാറക്കെട്ടിൽ കുടുങ്ങിയ പെൺകുട്ടിയെ 12 മണിക്കൂറിന് ശേഷം രക്ഷിച്ചു. ശിവപുര സ്വദേശിനിയും എൻജിനിയറിങ് വിദ്യാർഥിനിയുമായ ഹംസ(19)യാണ് അപകടത്തിൽപെട്ടത്.ഞായറാഴ്ച വൈകിട്ട് അപകടത്തിൽപ്പെട്ട പെൺകുട്ടിയെ തിങ്കളാഴ്ച രാവിലെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.
സുഹൃത്തായ കീർത്തനയ്‌ക്കൊപ്പം ഹംസ മൈഡല തടാകം സന്ദർശിക്കാനെത്തിയതാണ് ഹംസ. മടങ്ങുന്നതിനിടെ ഇരുവരും തടാകത്തിലെ പാറക്കെട്ടിന് മുകളിൽകയറി ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ 19-കാരി കാൽതെന്നി വെള്ളത്തിലേക്ക് വീഴുകയും തടാകത്തിലെ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ശക്തമായ ഒഴുക്കും വെള്ളത്തിൻ്റെ ശബ്‌ദവും കാരണം പെൺകുട്ടി ഒച്ചവെച്ചിട്ടും ആദ്യഘട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മറ്റൊരുസംഘം അടുത്തെത്തിയതോടെ പെൺകുട്ടി വീണ്ടും ബഹളംവെച്ചു. ഇതോടെ പെൺകുട്ടിയെ കണ്ടെത്തിയ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. അപകടത്തിൽ കാര്യമായ പരിക്കില്ലെങ്കിലും അവശയായ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
