ബൈബിള്‍ 57 ഭാഷകളിലേക്ക് കൂടി വിവര്‍ത്തനം ചെയ്യും: ജര്‍മന്‍ ബൈബിള്‍ സൊസൈറ്റി
ബെർലിൻ :ബൈബിള്‍ 57 ഭാഷകളിലേക്ക് കൂടി വിവര്‍ത്തനം ചെയ്യാൻ ഒരുങ്ങി ജര്‍മ്മനിയിലെ സ്റ്റ്യൂട്ട്ഗാര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ബൈബിള്‍ സൊസൈറ്റി. ബൈബിള്‍ 100 ദശലക്ഷം ആളുകളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജര്‍മ്മന്‍ ബൈബിള്‍ സൊസൈറ്റി വിവർത്തനത്തിന് തയ്യാറയിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മനുഷ്യര്‍ക്ക് സ്വന്തം മാതൃഭാഷയില്‍ ബൈബിള്‍ ലഭ്യമാക്കുകയാണ് പ്രസ്തുത വിവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്.
2022ല്‍ മാത്രം 81 ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനങ്ങള്‍ ജര്‍മ്മന്‍ ബൈബിള്‍ സൊസൈറ്റി നടത്തിയിട്ടുണ്ട്. പഴയ നിയമ പുസ്തകങ്ങളും, പുതിയ നിയമവും, സമ്പൂര്‍ണ്ണ വിവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും. ആഫ്രിക്കയിലെ 7 ദശലക്ഷം ആളുകള്‍ സംസാരിക്കുന്ന 2 എത്തിയോപ്യന്‍ ഭാഷകളിലേക്കും കഴിഞ്ഞ വർഷം ബൈബിള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. വിയറ്റ്നാമിലെ ടെയ് ഭാഷയിലേക്കും ബൈബിള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബൈബിളിലെ ഒരു പുസ്തകം നിലവില്‍ 3,600 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതായി വേള്‍ഡ് അസോസിയേഷന്‍ ഓഫ് ബൈബിള്‍ സൊസൈറ്റിസ് വ്യക്തമാക്കിയിരുന്നു.
