Ultimate magazine theme for WordPress.

യുവജനങ്ങളുടെ അനിയന്ത്രിത വിദേശ കുടിയേറ്റം തടയാന്‍ പദ്ധതികളൊരുക്കി കത്തോലിക്ക സഭ

ചങ്ങനാശേരി: സീറോ മലബാര്‍ സഭയിലെ യുവജനങ്ങളുടെ അനിയന്ത്രിത വിദേശ കുടിയേറ്റം തടയാന്‍ വിവിധ പദ്ധതികളുമായി ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. നൂതന സംരംഭങ്ങള്‍ക്ക് വഴിയൊരുക്കി ചെറുപ്പക്കാരെ നാട്ടില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള പദ്ധതികള്‍ക്കാണ് രൂപം നൽകുന്നത്.

ഇത് സംബന്ധിച്ചുള്ള ത്രിദിന വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയില്‍ ആരംഭിച്ചു. പാല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ മേല്‍നോട്ടത്തിലാണ് വർക്ക് ഷോപ്പുകൾ നടക്കുന്നത്. സാങ്കേതിക പരിശീലനവും മുതല്‍ മുടക്കാനുള്ള സഹായവും നല്‍കി ചെറുപ്പക്കാരെ സ്വയംപര്യാപ്തരാക്കി നാട്ടില്‍ തന്നെ നിലനിര്‍ത്താനാണ് സഭ ആലോചിക്കുന്നത്. സഭയിലെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധര്‍, സംരംഭകര്‍ , ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ എംപി ജോസഫാണ് മുഖ്യ പരിശീലകൻ.

യുവാക്കള്‍ കൂട്ടത്തോടെ നാടുവിട്ടതോടെ സഭയില്‍ വൃദ്ധജനങ്ങള്‍ മാത്രം അവശേഷിക്കുന്ന സ്ഥിതിയാണ്. ഭൂസ്വത്തുക്കൾ നോക്കിനടത്താന്‍ പോലും ആളില്ലാത്ത അവസ്ഥയിലായി. ഇത് അപകടകരമാണെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. യാതൊരു മാനദണ്ഡങ്ങളോ, പരിശീലനമോ, യോഗ്യതയോ നോക്കാതെ കത്തോലിക്കാ സഭയിലെ ചെറുപ്പക്കാര്‍ വിദേശങ്ങളിലേക്ക് പോവുകയാണ്. ഇത് അപകടകരമായ ട്രെന്‍ഡാണ്. ഇതിന് ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സഭാ വൃത്തങ്ങളും പ്രതികരിച്ചു. മിനിമം കൂലി പോലും കിട്ടാത്ത അവസ്ഥയിൽ ഇവിടെ നില്‍ക്കുമ്പോള്‍ എന്തിനിവിടെ തുടരണമെന്ന ചെറുപ്പക്കാരുടെ ചോദ്യത്തിന് മറുപടി ഇല്ലാത്ത അവസ്ഥയില്‍ നിന്നാണ് ഇങ്ങനെയൊരു കൂട്ടായ്മ ആരംഭിച്ചതെന്ന് സഭ വ്യക്തമാക്കി.

ഇന്ന് കൊച്ചിയില്‍ ആരംഭിക്കുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതി യോഗത്തിലും ചെറുപ്പക്കാരുടെ വിദേശ കുടിയേറ്റത്തെക്കുറിച്ച് ചര്‍ച്ച ഉണ്ടാകും. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കെസിബിസി യോഗത്തില്‍ വയനാട് ദുരന്തവും പുനരധിവാസ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

Sharjah city AG