തിരുവല്ല: ഹല്ലേലുയ്യാ വിളിപ്പിച്ചും ക്രിസ്തുവിന്റെ പുത്രനെന്ന് പറയിപ്പിച്ചും ഒരു കുട്ടിയെ കല്പറ്റയില്‍ അതിക്രൂരമായ നിലയില്‍ പീഡിപ്പിച്ച സംഭവം ആശങ്കപ്പെടുത്തുന്നതായി കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസ്താവിച്ചു.
അക്രമവാസനയും മതതീവ്രവാദവും കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്നു എന്ന ആരോപണത്തെ ശരിവെക്കുന്നതാണ് ഈ സംഭവം. കുട്ടികളുടെ ഇടയിലെ ഒരു നിസാര സംഭവമാക്കി പ്രശ്‌നം ഒതുക്കി തീര്‍ക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമം പല കേന്ദ്രങ്ങളില്‍ നിന്നും നടക്കുന്നു. തങ്ങള്‍ ചെയ്യുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ബോധ്യത്തോടെ ആസൂത്രണം ചെയ്ത് നടത്തിയ ഈ സംഭവത്തിലെ പ്രതികളെ കൃത്യമായ നിയമ നടപടികള്‍ക്ക് വിധേയരാക്കിയില്ലെങ്കില്‍ ഭാവിയില്‍ അത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ക്രൈസ്തവ സമൂഹത്തിന് വ്യക്തമായ സ്വാധീനമുള്ള മേഖലകളില്‍ പോലും ഇപ്രകാരമുള്ള അക്രമങ്ങള്‍ നടക്കുന്നു എന്നത് മനസ്സിലാക്കി ബന്ധപ്പെട്ടവരുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം.
ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്കിയതായി കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയില്‍ അറിയിച്ചു.

Comments are closed.