ഗസ്സയില്‍ ആക്രമണം തുടരവെ ഇസ്രായേലിന് അത്യാധുനിക ആയുധങ്ങള്‍ നല്‍കി ബൈഡന്‍ ഭരണകൂടം
ജറുസലേം: ഗസ്സയ്ക്ക് മേല്‍ ഇസ്രായേല്‍ ആക്രമണം തുടരവെ ഇസ്രായേലിന് വന്‍തുകയുടെ അത്യാധുനിക ആയുധങ്ങള്‍ നല്‍കി ബൈഡന്‍ ഭരണകൂടം. 73.5 കോടി ഡോളറിന്റെ (5300 കോടി രൂപ) ആയുധങ്ങളാണ് അമേരിക്ക ഇസ്രായേലിന് മൈകാറുക.
യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണെങ്കിലും പ്രയാസമില്ലാതെ അംഗീകാരം നേടിയെടുക്കാനാകുമെന്നാണ് സൂചന. ബോംബുകളെ കൂടുതല്‍ കൃത്യതയുള്ള മിസൈലുകളാക്കി മാറ്റുന്ന ജെ.ഡി.എ.എമ്മുകളാണ് ഇതില്‍ പ്രധാനം. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇവ കൂടി എത്തുന്നതോടെ നാശനഷ്ടം ഇരട്ടിയാകും. ആള്‍നാശവും കൂടും. മുമ്പും ജെ.ഡി.എ.എമ്മുകള്‍ ഇസ്രായേലിന് കൈമാറിയിട്ടുണ്ട്. നിലവില്‍ ഗസ്സയിലെ ആക്രമണത്തിന് ഇവ ഉപയോഗിക്കുന്നുണ്ട്. വെടിനിര്‍ത്തലിന് ഇസ്രായേലിനുമേല്‍ സമ്മര്‍ദം ചെലുത്തേണ്ട ബൈഡന്‍ ഭരണകുടം പകരം ആക്രമണം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ അപകടകാരിയായ ആയുധങ്ങള്‍ കൈമാറുന്നതിനെതിരെ യു.എസ് കോണ്‍ഗ്രസില്‍ ചില അംഗങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ആയുധക്കച്ചവടത്തിന് പുറമെ പ്രതിവര്‍ഷം 380 കോടി ഡോളര്‍ (27,821 കോടി രൂപ) സൈനിക സഹായമായി യു.എസ് ഇസ്രായേലിന് നല്‍കുന്നുണ്ട്. മറ്റു രാജ്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ മനുഷ്യാവകാശ സംരക്ഷണം നിബന്ധനയാണെങ്കില്‍ ഇസ്രായേലിനു മാത്രം അത് ബാധകമല്ല. വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്ന രാജ്യത്തിന് ഇനിയും സഹായം തുടരുന്നതിനെതിരെ സ്വന്തം കക്ഷിയായ ഡെമോക്രാറ്റില്‍നിന്നുതന്നെ എതിര്‍പ്പുണ്ടായിട്ടും നിലപാട് ഇതുവരെ മാറ്റിയിട്ടില്ല.
