മാസ്‌ക് ധരിക്കാത്തതിന് തായ്‌ലന്‍ഡ് പ്രധാനമന്ത്രിയ്ക്ക് വന്‍ തുക പിഴ
ബാങ്കോക്ക്: മാസ്‌ക് ധരിക്കാത്തതിന് തായ്‌ലന്‍ഡ് പ്രധാനമന്ത്രിയ്ക്ക് വന്‍ തുക പിഴ. പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഔച്ചയ്ക്ക് 6000 ബാത്ത് (14,202 രൂപ) പിഴ ശിക്ഷയാണ് ലഭിച്ചത്. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണ നിയമം തെറ്റിച്ച് മാസ്‌ക് ധരിക്കാതെ എത്തിയത്. ഇതിനാലാണ് പിഴയെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണ നിയമം തെറ്റിച്ചത് സംബന്ധിച്ച വിവരം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രധാനമന്ത്രി തന്നെ മാസ്‌ക് ധരിക്കാത്ത ഒരു ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. പിന്നീട് ഈ ഫോട്ടോ പ്രധാനമന്ത്രിയുടെ പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു. ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ എത്തിയ പ്രധാനമന്ത്രി മാസ്‌ക് ധരിക്കാതെയാണ് എത്തിയതെന്നും ബാങ്കോക്കില്‍ പൗരന്മാര്‍ പുറത്ത് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമായതിനാല്‍ പ്രധാനമന്ത്രി പിഴയടക്കണമെന്നും ഗവര്‍ണര്‍ പറയുന്നു.
