ക്രൈസ്തവര്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി; ന്യൂനപക്ഷ സ്കോളർഷിപ്പിനു സ്റ്റേയില്ല
ദില്ലി: ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷിക്കാര്‍ നോട്ടീസ് അയച്ചു. നിയമവേദികളില്‍ സര്‍ക്കാര്‍ നിലപാടുകളെടുക്കുമ്പോള്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും സമഭാവനയോടെ കണക്കിലെടുക്കണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തെറ്റായ നിലപാടു തിരുത്തിയില്ലെങ്കില്‍ ഇതിനെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരിന്നു. അതേസമയം സുപ്രീം കോടതിയുടെ നിലപാടില്‍ ക്രൈസ്തവര്‍ ആഹ്ലാദത്തിലാണ്. കാലാകാലങ്ങളായി ഒരു വിഭാഗം കൈയടക്കിയിരിന്ന സ്കോളര്‍ഷിപ്പ് അവകാശം വരും നാളുകളില്‍ തങ്ങളുടെ മക്കള്‍ക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ സമൂഹം. ഹൈക്കോടതി വിധിയെ തുടര്‍ന്നു അടുത്ത കാലത്ത് ന്യൂനപക്ഷ കമ്മീഷന് അപേക്ഷ ക്ഷണിച്ച സ്കോളര്‍ഷിപ്പില്‍ ഒന്നില്‍ പോലും വിവേചനമില്ല.
വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണു ഹൈക്കോടതി ഉത്തരവിട്ടത്. നിലവിലെ ജനസംഖ്യാ കണക്ക് ഇതിനു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്ജിക്കാരന് ഉയര്‍ത്തിയിരുന്നത് പൊതുവായ പദ്ധതികളില്‍ 80% വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്.
