യുഎസ് റിപ്പബ്ലിക്കന്‍ അഡൈ്വസറി ബോര്‍ഡിലേക്ക് സ്റ്റാന്‍ലി ജോര്‍ജ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളി കുമ്പനാട് വടക്കേപടിക്കല്‍ സ്റ്റാന്‍ലി ജോര്‍ജിനെ യുഎസ് റിപ്പബ്ലിക്കന്‍ അഡ്വൈസറി ബോര്‍ഡിലേക്ക് പാര്‍ട്ടി നാഷണല്‍ ചെയര്‍മാന്‍ ഡാണ മക്ഡാനിയേല്‍ നോമിനേറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ സംഘത്തിലെ ഏക ഇന്ത്യന്‍ അംഗമായിരുന്നു സ്റ്റാന്‍ലി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന വിലയിരുത്തല്‍ അടക്കം നയരൂപീകരണങ്ങള്‍ക്കും, പദ്ധതികള്‍ക്കും വേണ്ടിയുള്ള വിദഗ്ധ പഠനങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണിത്. റിപ്പബ്ലിക്കന്‍ ആശയങ്ങളുടെ പ്രചരണത്തിനും, എതിരായി ഉയരുന്ന വെല്ലുവിളികളുടെ പ്രതിരോധത്തിനും സമൂഹ- വാര്‍ത്താമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും അഡൈ്വസറി ബോര്‍ഡിന്റെ ദൗത്യമാണ്.
മുതിര്‍ന്ന അമേരിക്കന്‍ രാഷ്ട്രീയ തന്ത്രജ്ഞനായ എഡ് റോളിന്‍സുമായി തൊണ്ണൂറുകളില്‍ സഹായിച്ച സൗഹൃദവും സഹകരണവുമാണ് സ്റ്റാന്‍ലിയെ ദേശീയ രാഷ്ട്രീയ തന്ത്രങ്ങളുടെ അരങ്ങിലെത്തിച്ചത്. റോളിന്‍സ് നയിച്ച കാമ്പയിനുകളില്‍ അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
