കോവിഡിന് പിന്നാലെ ഷിഗല്ല; കോഴിക്കോട് നാല് പേർക്കു രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്
കോഴിക്കോട്: ജില്ലയിൽ 4 പേര്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്ക് രോഗലക്ഷണമുള്ളതായും ഒരു മരണം സംഭവിച്ചതായുമാണ് റിപ്പോർട്ട്. രോഗബാധിതരുടെ എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. പ്രദേശത്തുനിന്ന് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. സാമ്പിള്‍ പരിശോധനയില്‍ ആറു കേസുകളില്‍ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേർത്തു.
ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്തെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നല്‍കുകയും ചെയ്തു.
