Ultimate magazine theme for WordPress.

യുഎഇ വൈസ് പ്രസിഡന്റായി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചു

മനാമ : യുഎഇയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റായി ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചു. യുഎഇ ഫെഡറല്‍ സുപ്രീം കൗണ്‍സിലിന്റെ അംഗീകാരത്തോടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ബുധനാഴ്ച രാത്രി ഉത്തരവ് പുറപ്പെടുവിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം ഷെയ്ഖ് മന്‍സൂറും സേവനം അനുഷ്ഠിക്കും. അബുദാബിയുടെ ഡെപ്യൂട്ടി ഭരണാധികാരികളായി ഹസ്സ ബിന്‍ സായിദ്, തഹ്‌നൂന്‍ ബിന്‍ സായിദ് എന്നിവരെ നിയമിച്ചുള്ള രണ്ട് അമീരി ഉത്തരവുകളും പ്രസിഡന്റ് പുറപ്പെടുവിച്ചു. 1970ല്‍ അബുദാബിയില്‍ ജനിച്ച ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയിലാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അമേരിക്കയിലായിരുന്നു തുടര്‍ പഠനം. 1993-ല്‍ അദ്ദേഹം ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടി.
1997ല്‍ ഷെയ്ഖ് മന്‍സൂര്‍ തന്റെ പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓഫീസിന്റെ ചെയര്‍മാനായി ചുമതലയേറ്റു. 2004 നവംബറില്‍ ഷെയ്ഖ് സായിദ് മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു. അതേ മാസം പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയായി നിയമിതനായി. 2009 മേയില്‍ ഉപപ്രധാനമന്ത്രിയായി നിയമിതനായി. 2022 ജൂലൈയില്‍ ഷെയ്ഖ് മന്‍സൂര്‍ പ്രസിഡന്‍ഷ്യല്‍ കോടതിയുടെ മന്ത്രിയായി.

സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ ബോര്‍ഡ് ചെയര്‍മാന്‍, വിദ്യാഭ്യാസത്തിനുള്ള ഖലീഫ അവാര്‍ഡിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ അലങ്കരിച്ചു. വികസനത്തിനുള്ള മന്ത്രിതല സമിതി, എമിറേറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖലീഫ ബിന്‍ സായിദ് ചാരിറ്റി ഫൗണ്ടേഷന്‍ എന്നിവയുടെ ചെയര്‍മാനും, ജനറല്‍ ബജറ്റ് കമ്മിറ്റിയുടെ (ഫെഡറല്‍), മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുടെ ഡെപ്യൂട്ടി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. കൂടാതെ, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) എന്നിവയുടെ ബോര്‍ഡ് അംഗം, അബുദാബി സുപ്രീം പെട്രോളിയം കൗണ്‍സില്‍, സാമ്പത്തിക, ധന കാര്യങ്ങളുടെ അബുദാബി സുപ്രീം കൗണ്‍സില്‍ എന്നിവയില്‍ അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.

1 Comment
  1. 开设Binance账户 says

    Your point of view caught my eye and was very interesting. Thanks. I have a question for you.

Leave A Reply

Your email address will not be published.