തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ നാളെ മുതൽ ഡിസംബർ 1 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ” പുതുക്കം പ്രാപിക്കുക, യഥാസ്ഥാനപ്പെടുക”
“Rebuild & Restore” (ആമോസ് 9 : 11-14) എന്നതാണ് ചിന്താവിഷയം.
നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, ഡോ. മാത്യു വർഗീസ്, പാസ്റ്റർ സാം തോമസ് (ദോഹ), പാസ്റ്റർ ഡാനിയേൽ വില്യംസ്, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ സന്തോഷ് തര്യൻ, പാസ്റ്റർ ജോൺ ജോൺസൻ, ഡോ. ബി വർഗീസ് തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതു യോഗങ്ങൾ കൂടാതെ പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, ധ്യാനയോഗങ്ങൾ, കാത്തിരിപ്പു യോഗം, ബൈബിൾ സ്റ്റഡി, സി ഇ എം- സൺഡേ സ്കൂൾ സമ്മേളനം, വനിതാ സമ്മേളനം, റൈറ്റേഴ്സ് ഫോറം സെമിനാർ, ശാരോൻ ബൈബിൾ കോളജ് അലുമ്നി സമ്മേളനം, ഓർഡിനേഷൻ,സ്നാന ശുശ്രൂഷ, എന്നിവ നടക്കും. ഡിസംബർ 1 ഞായറാഴ്ച രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത ആരാധന, കർത്തൃമേശ എന്നിവയ്ക്കു ശേഷം സമാപന സമ്മേളനത്തോടെ ഉച്ചയ്ക്ക് 1 മണിക്ക് കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കും.
നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൺ കെ. ശമുവേൽ, പാസ്റ്റർ റോയ് ചെറിയാൻ, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ. തോമസ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകും.
