ആരാധനാലയങ്ങള്‍ക്ക് സുരക്ഷ; സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടാകണം പ്രതികരിച്ച് യുഎന്‍
അബൂജ:\’ഹീനമായ ആക്രമണം, സുരക്ഷ വര്‍ദ്ധിപ്പിക്കണം\’\’: നൈജീരിയയിലെ ഒണ്‍ണ്ടോ സംസ്ഥാനത്തെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ പെന്തക്കുസ്ത തിരുനാള്‍ ദിവസം നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ ഒടുവില്‍ അപലപിച്ച് ഐക്യരാഷ്ട്രസഭയും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് സര്‍ക്കാരുകളോട് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് അലയന്‍സ് ഓഫ് സിവിലൈസേഷന്‍സും ആവശ്യപ്പെട്ടിട്ടുണ്ട്. പെന്തക്കോസ്ത് ശുശ്രൂഷയ്ക്കായി ഒത്തുകൂടിയ അനേകം സാധാരണക്കാരുടെ ജീവനെടുത്ത അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണത്തെ ഹീനം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിനു വേണ്ടി സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടാകണം. എല്ലാ മതങ്ങളോടും പരസ്പര ബഹുമാനം ഉണ്ടാകണമെന്നും, സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും ഒരു സംസ്‌കാരം രൂപപ്പെടുത്തണമെന്നും സംഘടനയുടെ പ്രതിനിധി മിഗ്വേല്‍ മോറാട്ടീനോസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും ഐക്യരാഷ്ട്ര സഭ നിശബ്ദത പാലിക്കുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരിന്നു.
