1500 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ബൈബിൾ അധ്യായങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ
1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ഈ പുതിയ രേഖകള്‍ മത്തായിയുടെ സുവിശേഷത്തിലെ 11 ഉം 12 ഉം അദ്ധ്യായങ്ങള്‍ ആണെന്ന് കരുതപ്പെടുന്നു
വത്തിക്കാൻ :യേശു ക്രിസ്തുവിന്റെ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുമെന്ന് വിശ്വസിക്കപ്പെടുന്ന മത്തായി സുവിശേഷത്തിലെ പുതിയ അദ്ധ്യായങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍ . 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ഈ പുതിയ രേഖകള്‍ മത്തായിയുടെ സുവിശേഷത്തിലെ 11 ഉം 12 ഉം അദ്ധ്യായങ്ങള്‍ ആണെന്ന് കരുതപ്പെടുന്നു. വത്തിക്കാൻ ലൈബ്രറിക്കുള്ളിൽ യുവി ലൈറ്റ് ഉപയോഗിച്ച് ആണ് ശാസ്ത്രജ്ഞർ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
ബൈബിളിന്റെ ഇപ്പൊഴുള്ളതില്‍ ഏറ്റവും പുരാതനമായ കൈയെഴുത്തു പ്രതി മെയ് മാസത്തില്‍ ലേലം ചെയ്യുന്നു എന്ന വിവരം പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ഈ കണ്ടുപിടുത്തവും പുറത്തു വന്നത്.
ബൈബിളിലേക്ക് പുതിയ അദ്ധ്യായങ്ങള്‍ കൂട്ടിച്ചേർത്താൽ, യേശുവിന്റെ ജീവിതത്തെയും ബോധനങ്ങളെയും കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭിച്ചേക്കും എന്നാണ് കരുതുന്നത്. വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന പുരാതന ക്രിസ്ത്യന്‍ കഥകളുടെയും ശ്ലോകങ്ങളുടെയും കൈയെഴുത്ത് പ്രതികളില്‍ നിന്നും അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഇത് കണ്ടെത്തിയത്. പുരാതന സിറിയന്‍ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ ആദ്ധ്യായങ്ങളുടെ പൂര്‍ണ്ണമായ പരിഭാഷ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ അതിലെ ചില ഭാഗങ്ങള്‍ അവര്‍ പങ്കുവച്ചിട്ടുണ്ട്.
ഇപ്പോള്‍ ലഭിച്ച പുതിയ അദ്ധ്യായങ്ങള്‍ മൂന്ന് പാളികളിലായി ഇതില്‍ അക്ഷരങ്ങളും വാക്കുകളും നിരത്തപ്പെട്ടിരിക്കുന്നു. ആദ്യപാളി സിറിയന്‍ ഭാഷയിലും, രണ്ടാം പാളിയില്‍ ഗ്രീക്ക് ഭാഷയിലും മൂന്നാമത്തേതില്‍ ജോര്‍ജിയന്‍ ഭാഷയിലുമാണ് ഉള്ളടക്കങ്ങള്‍ എഴുതിയിരിക്കുന്നത്. സിറിയന്‍ ഭാഷയിലുള്ള ലിഖിതങ്ങള്‍, പെഷിറ്റ എന്ന് അറിയപ്പെടുന്നു. ഇതാണ് പിന്നീട് സിറിയന്‍ സഭയുടെ ഔദ്യോദിക ബൈബിള്‍ ആയി മാറിയത്.
ഇപ്പോള്‍ ലഭിച്ച ചര്‍മ്മപത്രം ആദ്യം പുനരുപയോഗം ചെയ്തത് ‘മരുഭൂമീയിലെ പിതാക്കന്മാരുടെ ബോധനങ്ങള്‍’ രേഖപ്പെടുത്താനായിരുന്നു. ഈജിപ്ഷ്യന്‍ മരുഭൂമികളില്‍ കഠിന തപം ചെയ്തിരുന്ന ആദ്യകാല ക്രിസ്ത്യന്‍ സന്യാസിമാരാണ് മരുഭൂമിയിലെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്നത്.
ഏതാണ്ട് മൂന്നാം നൂറ്റാണ്ടിനടുത്താണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ഏതാണ്ട് അഞ്ചാം നൂറ്റാണ്ട് വരെയുള്ള വിവിധ സംഭവങ്ങള്‍ ഇതില്‍ പറയുന്നു. ഏകദേശം 1000-ല്‍ അധികം കഥകളാണ് ഇതില്‍ ഉള്ളത്.പിന്നീട് അത് ബൈസന്റൈന്‍ കാലഘട്ട വിശേഷങ്ങള്‍ എഴുതാന്‍ ഉപയോഗിച്ചു. പത്താം നൂറ്റാണ്ടിലാണ് ഗ്രീക്ക് അക്ഷരങ്ങള്‍ മായ്ച്ചു കളഞ്ഞ് ജോര്‍ജിയന്‍ ഭാഷയിലെ ലിഖിതം രേഖപ്പെടുത്തിയത്.
