വാഷിംഗ്‌ടൺ : അമേരിക്കയിലെ ടെക്സസിലുള്ള പ്രശസ്തമായ ചിക്-ഫിൽ-എ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസി, ജീവനക്കാരിയുടെ മതപരമായ അവകാശങ്ങൾ ലംഘിച്ചതായും ശബ്ബത്ത് ദിവസം ജോലി ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും കാണിച്ച് ഫെഡറൽ കോടതിയിൽ വൻ കേസ്. ടെക്സസിലെ ഓസ്റ്റിനിൽ ഒന്നിലധികം ചിക്-ഫിൽ-എ ഔട്ട്‌ലെറ്റുകൾ നടത്തുന്ന ‘ഹാച്ച് ട്രിക്ക്’ എന്ന കമ്പനിക്കെതിരെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഈക്വൽ എംപ്ലോയ്‌മെന്റ് ഓപ്പർച്യുണിറ്റി കമ്മീഷൻ മേയ് 14-ന് നിയമനടപടി പ്രഖ്യാപിച്ചത്.
യുണൈറ്റഡ് ചർച്ച് ഓഫ് ഗോഡ് സഭാംഗമായ യുവതി, ഈ സ്ഥാപനത്തിൽ ഡെലിവറി ഡ്രൈവർമാരുടെ മാനേജരായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ഈ സഭയുടെ വിശ്വാസപ്രകാരം ശനിയാഴ്ചയാണ് വിശുദ്ധ ശബ്ബത്ത് ദിനമായി ആചരിക്കുന്നത്. തനിക്ക് ശനിയാഴ്ചകളിൽ ജോലി ചെയ്യാൻ സാധിക്കില്ലെന്ന കാര്യം ഇവർ അഭിമുഖ സമയത്ത് തന്നെ വ്യക്തമാക്കുകയും കമ്പനി അത് ആദ്യം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം കമ്പനി നിലപാട് മാറ്റുകയും ശനിയാഴ്ചകളിൽ ജോലിക്ക് വരാൻ കടുത്ത സമ്മർദ്ദം ചെലുത്തുകയുമായിരുന്നു. തന്റെ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ മാനേജർ പദവിയിൽ തുടരാൻ സാധിക്കുന്ന പല ബദൽ മാർഗ്ഗങ്ങളും യുവതി മുന്നോട്ടുവെച്ചെങ്കിലും കമ്പനി അധികൃതർ അത് പൂർണ്ണമായി തള്ളിക്കളയുകയായിരുന്നു. നിയമം പൗരന്മാർക്ക് നൽകുന്ന മതസ്വാതന്ത്ര്യത്തെ കോർപ്പറേറ്റുകൾ ഇങ്ങനെ തകിടം മറിക്കുന്നത് വല്ലാത്തൊരു അനീതിയല്ലേ?

Comments are closed.