ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രശ്നം സംഘപരിവാര്‍ ആക്രമണം : വി.ഡി സതീശന്
തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷം രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘപരിവാര്‍ സംഘടനകള്‍ അവര്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികമായുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. റബ്ബര്‍ വില കൂട്ടിയാല്‍ ബിജെപിയെ വിജയിപ്പിക്കാമെന്ന് പാംപ്ലാനി പറഞ്ഞിരുന്നു. എന്നാല്‍ റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയായി മാത്രം ബിഷപ്പിന്റെ വാക്കുകള്‍ കണ്ടാല്‍ മതിയെന്നും അതിനപ്പുറം അതില്‍ എന്തെങ്കിലുമുണ്ടെന്നു കരുതുന്നില്ലെന്നും സതീശന് പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു ഗ്യാരണ്ടി കിട്ടുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ദേശീയ ഭരണകൂടത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും സതീശന് പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 500 ലധികം ക്രൈസ്തവ ദേവാലയങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കപ്പെട്ടത്. പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ ജയിലിലിട്ട് കൊലപ്പെടുത്തിയ ഭരണകൂടമാണ് മോദിയുടേത്. എല്ലായിടത്തും മതപരിവര്‍ത്തനം നടത്തുന്നത് ക്രൈസ്തവരാണെന്ന് ആക്ഷേപം ഉന്നയിച്ച് അവരെല്ലാം ആക്രമിക്കപ്പെടുകയാണ്. ക്രൈസ്തവ ന്യൂനപക്ഷം രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘപരിവാര്‍ സംഘടനകള്‍ അവര്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങളാണെന്നും സതീശന് പറഞ്ഞു.
