തോക്കുകളല്ല പ്രാര്‍ത്ഥനയാണ് പരിഹാരം ബുര്‍ക്കിന ഫാസോയിലെ വൈദികന്‍
ഔഗാഡൗഗു: തോക്കുകള്‍ക്കല്ല മറിച്ച് പ്രാര്‍ത്ഥനയ്ക്കും ദൈവവിശ്വാസത്തിനും മാത്രമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയേ രക്ഷിക്കുവാന്‍ കഴിവുള്ളതെന്ന് മധ്യ-കിഴക്കന്‍ ബുര്‍ക്കിനാ ഫാസോയിലെ വൈദികനായ ഫാ. ഹോണോറെ ക്യൂഡ്രാവോഗോ. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ ജര്‍മ്മനിയിലെ അന്താരാഷ്‌ട്ര ആസ്ഥാനത്ത് നടത്തിയ സന്ദര്‍ശനത്തിനിടയില്‍ ബുര്‍ക്കിനാ ഫാസോയിലെ സ്ഥിതിഗതികളെ കുറിച്ച് വിവരിക്കുകയായിരുന്നു ടെങ്കോഡോഗോ രൂപതാ വൈദികനായ ഫാ. ഹോണോറെ.
തീവ്രവാദി ആക്രമണങ്ങളുടെ അവസാനത്തെ ഇര തങ്ങളാവുമോ എന്ന ഭീതിയിലാണ് ആളുകള്‍ ഓരോദിവസവും ഉണരുന്നത്. ഔദ്യോഗികമായി പറഞ്ഞാല്‍ രാജ്യത്തിന്റെ 40% പ്രദേശങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല. ബാക്കിയുള്ള 60% മേഖലയിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണവും തീവ്രവാദികളുടെ കൈകളിലാണ്. അഴിമതിയും, തീവ്രവാദവും അവസാനിപ്പിക്കുമെന്ന്‍ ഉറപ്പുനല്‍കിക്കൊണ്ട് ലെഫ്റ്റനന്റ് കേണല്‍ ഡാമിബാ അധികാരത്തില്‍ വന്നിട്ടും കാര്യങ്ങളില്‍ യാതൊരു മാറ്റവുമില്ല. തീവ്രവാദത്തിന്റെ ഫലമായി രാജ്യത്ത് പട്ടിണി വര്‍ദ്ധിച്ചിരിക്കുകയാണ്. 60% ജനങ്ങള്‍ക്കും തൊഴിലില്ലാത്തതിനാല്‍ 100 യൂറോ വാഗ്ദാനം ചെയ്‌താല്‍ ആരെ കൊല്ലുവാനും ആളുകള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ ഭീഷണി മൂലം ചില ഇടവകകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിയതായും, വൈദികരും മതബോധകരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഫാ. ക്യൂഡ്രാവോഗോ പറയുന്നു.
