വാഷിംഗ്ടൺ : മാധ്യമപ്രവർത്തകരെ രൂക്ഷമായി വിമർശിക്കാൻ ബൈബിൾ വചനങ്ങൾ ആയുധമാക്കി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രംഗത്തെത്തിയിരിക്കുകയാണ്. ഇറാൻ-ഇസ്രായേൽ യുദ്ധത്തെക്കുറിച്ചുള്ള നെഗറ്റീവ് വാർത്തകൾ നൽകുന്ന റിപ്പോർട്ടർമാർ യേശുക്രിസ്തുവിനെ നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയ ശത്രുക്കളെപ്പോലെയാണെന്നാണ് അദ്ദേഹം വ്യാഴാഴ്ച പ്രസ്താവിച്ചത്. അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങളെ മാധ്യമങ്ങൾ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ കടന്നാക്രമണം.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പോപ്പ് ലിയോയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ സെക്രട്ടറിയുടെ ഈ വിവാദ പരാമർശം വരുന്നത്. യുദ്ധത്തെ എതിർക്കുന്ന വത്തിക്കാൻ നിലപാടിനെതിരെ ട്രംപ് ഭരണകൂടം കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനിടെ, യേശുക്രിസ്തു തന്നെ ആലിംഗനം ചെയ്യുന്നതും തന്നെത്തന്നെ ഒരു മിശിഹാ രൂപത്തിൽ ചിത്രീകരിക്കുന്നതുമായ എഐ ചിത്രങ്ങൾ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. മതപരമായ ചിഹ്നങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ കത്തോലിക്കാ സഭയും രംഗത്തെത്തിയിട്ടുണ്ട്.

Comments are closed.