എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമല്ല; സുപ്രീം കോടതി
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി ഏഴിന് കേസില്‍ വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു
ന്യൂഡല്‍ഹി: എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധം അല്ലെന്ന് സുപ്രീം കോടതി. മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമാണെന്ന് ഒരു സംസ്ഥാനത്തിന് അനുമാനിക്കാൻ കഴിയില്ലെന്ന് ഇന്നലെ ജനുവരി 3 ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. വിധി സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ്മാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിസ്സമ്മതിച്ചു. മതപരിവര്‍ത്തനം നടത്തിയ ശേഷമുള്ള വിവാഹങ്ങള്‍ വിലക്കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിവാഹത്തിനായി നടക്കുന്ന മതപരിവര്‍ത്തനം ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണമെന്ന് മാത്രമേ നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ളുവെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി ഏഴിന് കേസില്‍ വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. മതംമാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന നിയമത്തിലെ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കരുതെന്നായിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്.
പ്രായപൂര്‍ത്തിയായ പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും 2021ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിന്റെ സെക്ഷൻ 10 ലംഘിക്കുകയും ചെയ്താലും അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ നിന്ന് ഹൈക്കോടതി സംസ്ഥാന സർക്കാറിനെ വിലക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
