കർണാടകയിൽ ഇന്നുമുതൽ നിശാനിയമം പ്രാബല്യത്തിൽ
ഇന്നു രാത്രി മുതൽ ജനുവരി രണ്ട് വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി
ബെംഗളൂരു: മഹാമാരി വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പൊതു പരിപാടികൾ ആയി നടത്തരുതെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടനിൽ കൊറോണ വൈറസിൻ്റെ വകഭേദം സ്ഥിരീകരിച്ചതിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രക്കു പുറമെ കർണാടകയിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസിൻ്റെ പുതിയ വകഭേദത്തെ തുടർന്ന് കോവിഡ് സാങ്കേതിക കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. രാത്രി പത്ത് മണിക്ക് ശേഷം നാല് പേരിൽ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്നതിനും ആഘോഷങ്ങൾക്കും വിലക്കുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പാതിരാ കുർബാന നടത്തുന്നതിന് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്.
