നൈജീരിയയെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തണം ; ജോ ബൈഡന് നിവേദനം സമര്‍പ്പിച്ചു
വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ കൂട്ടക്കൊല രൂക്ഷമായ നൈജീരിയയെ പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് മതസ്വാതന്ത്ര്യ സഘാടനയായ അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം, 33,000-ത്തിലധികം പേര് ഒപ്പിട്ട നിവേദനം വൈറ്റ്ഹൗസിന് സമര്‍പ്പിച്ചു. മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക പട്ടികയില്‍ നൈജീരിയയെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നൈജീരിയയെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയ ബൈഡന് ഭരണകൂടത്തിന്റെ നടപടി വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ബൈഡന് ഭരണകൂടം നൈജീരിയയെ പ്രത്യേക വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയ അതേ വര്‍ഷം തന്നെ ഇസ്ലാമിക് സ്റ്റേറ്റും മറ്റ് തീവ്രവാദി സംഘടനകളും 4,650 നൈജീരിയന്‍ ക്രൈസ്തവരെ കൊലപ്പെടുത്തിയതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക നൈജീരിയന്‍ ക്രൈസ്തവരെ ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും, കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടന്‍ ഇടപെടല്‍ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
