നിലമ്പൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ പുതിയതായി രൂപീകരിക്കപ്പെട്ട മലബാർ സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി ആറ് ജില്ലകളിൽ ഉൾപ്പെട്ട 34 സെൻ്റെറുകളും 513 സഭകളും മലബാർ കേരളാ സ്റ്റേറ്റിൻ്റെ പരിധിയിൽ ഉൾപ്പെടും.
ജൂലൈ 15ന് നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജിൽ ഐപിസി മലബാർ കേരള സ്റ്റേറ്റിന്റെ താൽക്കാലിക ഓഫീസ് പ്രവർത്തനം ആരംഭിക്കും. തിങ്കൾ, ചൊവ്വ , ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ഓഫീസ് തുറന്നു പ്രവർത്തിക്കും . ചൊവ്വാഴ്ചകളിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ഓഫീസിൽ ഉണ്ടായിരിക്കും. സഭകളുടെ ഡാറ്റ കളക്ഷൻ, മെമ്പർഷിപ്പ് ശേഖരണം, ശുശ്രൂഷകന്മാർക്കുള്ള ഐഡി കാർഡ് തയ്യാറാക്കുക എന്നിവയാണ് ആദ്യ ഘട്ട പ്രവർത്തനങ്ങൾ.
മലബാറിലെ ഐപിസി
സഭകളെ ഏകോപിപ്പിക്കുന്ന വിപുലമായ ഓഫീസ് സംവിധാനമാണ് ക്രമീകരിക്കുന്നത്.
ഐപിസി യുടെ പ്രവർത്തനങ്ങളിൽ മലബാർ ശ്രദ്ധിക്കപ്പെടുന്ന മേഖലയാക്കി മാറ്റുവാനുള്ള പദ്ധതികൾ ജൂലൈ 5 ന് പാലുണ്ടയിൽ കൂടിയ കമ്മിറ്റി എടുത്തിരിക്കുന്നത്.
ഐപിസിക്ക് മലബാറിൽ 50 സെന്ററുകളും 1000 സഭകളും 50,000 ലധികം വിശ്വാസികളുള്ള പ്രവർത്തന മേഖലയാക്കി മലബാറിൽ വളർത്തുക എന്നതാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യം. കൂടാതെ മലബാറിലെ ഭാഷയും സംസ്കാരവും മനസ്സിലാക്കി മലബാർ സുവിശേഷീകരണത്തിന് യുവാക്കളെ പരിശീലിപ്പിച്ചെടുക്കുവാൻ ബൈബിൾ കോളേജ് ആരംഭിക്കുവാനും, റവന്യൂ ജില്ല അടിസ്ഥാനമാക്കി സഭകളെ ഏകോപിപ്പിച്ച് ഉപവാസ പ്രാർത്ഥനയും, സുവിശേഷ പ്രവർത്തനങ്ങളും, കാത്തിരിപ്പ് യോഗങ്ങളും നടത്തുവാനുള്ള തിരുമാനത്തിലാണ്.
മലബാറിൽ സുവിശേഷ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കാത്ത താലൂക്കുകളിൽ മിഷൻ സെൻററുകൾ ആരംഭിക്കുക, നിലവിൽഉള്ള സെൻ്റെറുകളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പുത്രിക സംഘടനകളുടെ സ്റ്റേറ്റ് തല രൂപീകരണം തുടങ്ങിയ ഒട്ടേറെ പ്രവർത്തന പദ്ധതികൾക്ക് ഐപിസി മലബാർ കേരള സ്റ്റേറ്റ് തുടക്കം കുറിക്കുന്നത്. സാമൂഹ്യമേഖലയിലും , ആരോഗ്യമേഖല യിലും , വിദ്യാഭ്യാസമേഖലയിലും വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുക, മലബാറിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുക. സമൂഹത്തിനും സഭയ്ക്കും പ്രയോജനപ്രദമായ നിരവധി കർമ്മ പദ്ധതികളുമായി ഐപിസി മലബാർ കേരള സ്റ്റേറ്റ് മലബാറിൽ ചുവടുവെക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് അറിയിച്ചു.
മലബാർ കേരള സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾക്ക് മലബാറിലും വിദേശ രാജ്യങ്ങളിലും ഉള്ള ദൈവമക്കൾ വളരെ പിന്തുണ അറിയിച്ചു മുന്നോട്ട് വരുന്നുണ്ട്. മലബാറിന്റെ ഊഷര ഭൂമിയിൽ സുവിശേഷത്തിന്റെ വിത്ത് വിതച്ച് സഭാ സ്ഥാപന പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഐപിസി മലബാർ കേരള സ്റ്റേറ്റിന് ദൈവമക്കളുടെ പ്രാർത്ഥനയും പിന്തുണയും സഹായ സഹകരണങ്ങളും പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അഭ്യർത്ഥിച്ചു.

Comments are closed.