മങ്കിപോക്സ് ഇനി \’എംപോക്സ്\’; പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന
ജനീവ: രോഗ വ്യാപനം വർധിച്ചതോടെ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ഒരു രോഗമാണ് മങ്കിപോക്സ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വൈറസിലൂടെ പകരുന്ന ഒരു രോഗമാണിത്. മങ്കിപോക്സ് എന്ന പേര് വംശീയചുവയുള്ളതാണെന്നും തെറ്റിധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്നും വാദങ്ങൾ ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴിതാ മങ്കിപോക്സ് ഇനി \’എംപോക്സ്\’ (mpox) എന്ന പേരിൽ അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. പെരുമാറ്റിയ വിവരം തിങ്കളാഴ്ച ലോകാരോഗ്യസംഘടന പരസ്യമാക്കുകയായിരുന്നു. ദശകങ്ങളോളം പഴക്കമുള്ള ഈ രോഗത്തിന്റെ പേരുമാറ്റാൻ പ്രധാനമായും വിദഗ്ധർ ചൂണ്ടിക്കാട്ടിയത് രണ്ട് കാരണങ്ങളാണ്. ഒന്ന് മങ്കിപോക്സ് എന്ന പേര് കറുത്ത വർഗക്കാരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നു എന്ന വാദമാണ് പ്രധാനം. രണ്ടാമത്തേത് ഈ പേര് തുടരുന്നതോടെ കുരങ്ങുകൾ മാത്രമാണ് രോഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കും എന്നതായിരുന്നു. എങ്കിലും അടുത്ത ഒരു വർഷത്തേക്ക് ഈ രണ്ട് പേരുകളും ഉപയോഗത്തിലുണ്ടാകുമെന്നും ശേഷം മങ്കിപോക്സ് എന്ന പേര് പൂർണമായും ഒഴിവാക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
