റഷ്യ : ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പ്രശസ്തമായ യുവേർഷൻ ബൈബിൾ ആപ്പ് തന്റെ ഫോണിൽ നിന്നും ഒഴിവാക്കിയതായി പ്രമുഖ ബൈബിൾ അധ്യാപകനും അപ്പോളജിസ്റ്റുമായ മൈക്ക് വിംഗർ. ഇവാഞ്ചലിക്കൽ പണ്ഡിതന്മാർക്കിടയിൽ വലിയ വിവാദങ്ങൾക്ക് കാരണമായ ‘ദി പാഷൻ ട്രാൻസ്ലേഷൻ’ എന്ന ബൈബിൾ പതിപ്പ് ആപ്പിൽ തുടർന്നും ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഈ നീക്കം.
തന്റെ ഐഫോണിൽ നിന്നും ആപ്പ് ഡിലീറ്റ് ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ‘ബൈ ബൈ യുവേർഷൻ’ എന്ന് വിംഗർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. സുരക്ഷിതവും കൃത്യതയുള്ളതുമായ ബൈബിൾ പരിഭാഷകൾ മാത്രമേ ഇത്തരം പ്ലാറ്റ്‌ഫോമുകൾ നൽകാവൂ എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, യുവേർഷൻ ആപ്പ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വ്യാജമായ പരിഭാഷകൾ നൽകാത്ത മറ്റ് മികച്ച ബൈബിൾ ആപ്പുകൾ ഏതാണെന്ന് അദ്ദേഹം അനുയായികളോട് ചോദിക്കുകയും ചെയ്തു. ബ്രയാൻ സിമ്മൺസ് തയ്യാറാക്കിയ ‘ദി പാഷൻ ട്രാൻസ്ലേഷൻ’ യഥാർത്ഥ ബൈബിൾ ഭാഷകളോട് നീതിപുലർത്തുന്നില്ലെന്നും, അതിൽ സ്വന്തം വ്യാഖ്യാനങ്ങൾ കൂട്ടിച്ചേർത്തിരിക്കുകയാണെന്നും വർഷങ്ങളായി വിംഗർ വാദിക്കുന്നുണ്ട്. ഒരു പരിഭാഷ എന്ന രീതിയിൽ ഇതിനെ വിപണനം ചെയ്യുന്നത് വഞ്ചനയാണെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.

Comments are closed.