തദ്ദേശ തെരഞ്ഞെടുപ്പ്, ജനവിധി നാളെ…..
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക, ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തപാൽ വോട്ടുകൾ ആദ്യം എണ്ണും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെണ്ണൽ. രണ്ടര ലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ. സർവീസ് വോട്ടുകൾക്ക് പുറമേ കോവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. ഗ്രാമ പഞ്ചായത്തുകളിലെയും നരഗ സഭകളിലേയും ഫലം ആദ്യം അറിയാം. ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാക്കാനാണ് ശ്രമം. ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണൽ. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ നടന്ന വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുക. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റൽ വോട്ടുകൾ വരണാധികാരികളുടെ ചുമതലയിൽ എണ്ണും.
പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച(21) സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും. വോട്ടെണ്ണലിന്റെ ഓരോ സെക്കൻറിലും ഫലം ജനങ്ങളിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും പതിവ് പോലെ തയ്യാറായിക്കഴിഞ്ഞു. വിവിധ വോട്ടണ്ണെൽ കേന്ദ്രങ്ങളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്നുമുള്ള വിവരങ്ങൾ തത്സമയം പ്രേക്ഷകരിലേക്കെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണുള്ളത്.
