ന്യൂഡൽഹി : പാർലമെന്റിന് നേർക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ദ് സിങ് പുന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. ഈ മാസം13ന് മുമ്പ് ആക്രമിക്കുമെന്നാണ് ഭീഷണി. ഇതോടെ സുരക്ഷാ ഏജൻസികൾ അതീവജാഗ്രത പാലിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. 2001-ൽ ഭീകരവാദികൾ നടത്തിയ പാർലമെന്റ് ആക്രമണത്തിന് 22 വർഷം തികയുന്ന ദിവസമാണ് ഡിസംബർ 13.
പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിന്റെ പോസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് പുന്നൂൻ ഭീഷണി സന്ദേശം പുറത്തുവിട്ടിട്ടുള്ളത്. ഡൽഹി ഖലിസ്താന്റെ നിയന്ത്രണത്തിലാകുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇന്ത്യൻ ഏജൻസികൾ തന്നെ വധിക്കാൻ ശ്രമിച്ചുവെങ്കിലും താൻ രക്ഷപ്പെട്ടുവെന്നും വിഘടനവാദി നേതാവ് പറയുന്നുണ്ട്. ഇതിന് പ്രതികാരമായി പാർലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം പുറത്തുവന്നത്. എയർഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്നും പുന്നൂൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടർന്ന് എയർഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
