സുഡാനിലേക്ക് ഭക്ഷണവും വൈദ്യസഹായവും നൽകാനൊരുങ്ങി ഖലീഫ ഫൗണ്ടേഷൻ
അബുദാബി:സുഡാനിൽ അടിയന്തര ഭക്ഷണ, മെഡിക്കൽ ഓപ്പറേഷൻ നടപ്പാക്കി. പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. പടിഞ്ഞാറൻ സുഡാനിലെ ഡാർഫൂർ സംസ്ഥാനങ്ങളിലെ ദുരിതബാധിതർക്കും കുടിയിറക്കപ്പെട്ടവർക്കും 380 ടൺ അവശ്യ ഭക്ഷ്യവസ്തുക്കളും 4.5 ടൺ മരുന്നുകളും വിതരണം ചെയ്തതായി ഫൗണ്ടേഷൻ അറിയിച്ചു.
യുഎഇ നേതൃത്വത്തിൻ്റെ നിർദേശപ്രകാരം സുഡാനിലേക്ക് ഭക്ഷണവും വൈദ്യസഹായവും വിതരണം ചെയ്യുന്നത് തുടരുകയാണെന്നും ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും വിശിഷ്ടവുമായ ബന്ധവും വെസ്റ്റ് ഡാർഫറിലെ ഗോത്രവർഗ സംഘട്ടനത്തിൽ നിന്ന് പലായനം ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകുന്നത് തുടരാനുള്ള യുഎഇയുടെ താൽപ്പര്യവും ഇത് സ്ഥിരീകരിക്കുന്നു.
