കനത്ത ചൂടിൽ വെന്തുരുകി കേരളം : ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ
തിരുവനന്തപുരം : കേരത്തിൽ വേനല്‍ ചൂട് കനക്കുന്നു . ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. 38 ഡിഗ്രി സെല്‍സിയസ് ആണ് രേഖപ്പെടുത്തിയത്. ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ താപസൂചിക മാപ്പ് പ്രകാരം സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 40 മുതല്‍ 45 ഡിഗ്രി സെല്‍സിയസ് വരെയാണ് അനുഭവവേദ്യമാകുന്ന ചൂട്. ചൂടും അനുബന്ധ പ്രശ്നങ്ങളും ചര്‍ച്ചചെയ്യാന്‍മുഖ്യമന്ത്രി വിളിച്ച കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും ഓണ്‍ലൈന്‍ യോഗം പുരോഗമിക്കുകയാണ്. വയനാട്, ഇടുക്കി, തിരുവനന്തപുരം ജില്ലയുടെ തമിഴ്നാട് അതിര്‍ത്തിപ്രദേശം എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും കഠിനമായ ചൂട് തുടരുകാണെന്നും താപ സൂചികാമാപ്പ് വ്യക്തമാക്കുന്നു.
കോട്ടയം ജില്ലയില്‍ 38 ഡിഗ്രി സെല്‍സ്യസ്, വെള്ളാനിക്കര, പുനലൂര്‍, കൊച്ചി രാജ്യാന്തര വിമാനത്താവളം, കണ്ണൂര്‍ എന്നിടങ്ങളില്‍ 36 ഡിഗ്രിക്കും 37 ഡിഗ്രിക്കും ഇടയിലാണ് പകല്‍താപനില. ആലപ്പുഴ, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ 35 നും 36 നും ഇടയിലാണ് ചൂട്. കഴിഞ്ഞ ദിവസങ്ങളില്‍ 50 മുതല്‍ 54 ഡിഗ്രിവരെ അനുഭവവേദ്യമാകുന്ന ചൂട് ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ അത് 45 ഡിഗ്രി സെല്‍സിയസിലേക്ക് കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും വേനല്‍ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ട്.
