വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും;
ഗാസ: വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവര്‍ത്തിച്ചതോടെ യു.എന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. രക്ഷാ സമിതി വെര്‍ച്വല്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തില്‍ ഉണ്ടായില്ല. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നാണ് ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എന്നാല്‍ സമാധാന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ചേര്‍ന്ന യു.എന്‍ യോഗത്തിലും ഇരു രാജ്യങ്ങളും ഏറ്റുമുട്ടി. ഹമാസ് കുഞ്ഞുങ്ങളെ കവചമാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാ ദര്‍ദാന്‍ പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന ഫലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്നായിരുന്നു ഫലസ്തീനിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. എന്നാല്‍ അമേരിക്ക, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ച് നിന്നു.
ഫലസ്തീനില്‍ മുഴുവന്‍ സൈന്യത്തേയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ നെതന്യാഹു സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് വ്യക്തമാക്കി. അദ്ദേഹം സംസാരിച്ച് മണിക്കൂറുകള്‍ പിന്നിട്ടതും ഇസ്രായേലി യുദ്ധവിമാനങ്ങള്‍ വീണ്ടും ഗസ്സ മുനമ്പില്‍ വ്യോമാക്രമണം ശക്തമാക്കി. ഇസ്രായേലിന്റെ വ്യോമാക്രമണത്തെ നെതന്യാഹു ന്യായീകരിക്കുകയും ചെയ്തു.