അയർലൻഡ് ഇന്ത്യന്‍ വംശജന് ഭരിക്കും: ലിയോയ്ക്ക് ഇത് രണ്ടാമൂഴം
ഡബ്ലിൻ: രണ്ട് നൂറ്റാണ്ടോളം ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടനെ ഭരിക്കാന്‍ അതേ ഇന്ത്യക്കാരുടെ പിന്തലമുറക്കാരന് ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിൽ ഇന്ത്യയിൽ വളരെ വിപുലമായ ആഘോഷങ്ങളാണ് നടന്നത് . ഋഷി സുനക് മാത്രമല്ല ഇന്ത്യന്‍ വംശജരായ മറ്റ് നിരവധി പേരും ഇന്ന് വിവിധ രാജ്യങ്ങളുടെ തലപ്പത്തുണ്ട്. അക്കൂട്ടത്തിലേക്കാണ് ബ്രിട്ടണ്‍ന്റെ അയല്‍രാജ്യമായ അയർലണ്ടും കടന്ന് വരുന്നത്. ഡിസംബർ പകുതിയോടെയാവും ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ അയർലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുക. ഫിനഗേൽ പാർട്ടി ലീഡറും നിലവിൽ ഉപപ്രധാനമന്ത്രിയുമായ ലിയോ വരാഡ്കർ നേരത്തേയും രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലെത്തിയിരുന്നു. 2017 ലായിരുന്നു ആദ്യമായി ലിയോ വരാഡ്കർ തന്റെ മുപ്പത്തെട്ടാമത്തെ വയസിൽ പ്രധാനമന്ത്രിപദത്തിലെത്തിയത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ലീയോയുടെ പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാത്തതിനാല്‍ പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്നു. മുംബൈയിലാണ് ഇന്ത്യയിലെ ലിയോയുടെ കുടുംബ വേരുകള്‍. 1960 കളിൽ മുംബൈയിൽനിന്നു ബ്രിട്ടനിലേക്ക് കുടിയേറിയ ഡോ. അശോക് വരാഡ്കറാണ് ലിയോയുടെ പിതാവ്.
