ഇറാൻ-റഷ്യ പ്രതിരോധ പങ്കാളിത്തം അപകടം ; യുഎസ്
ന്യൂയോർക്: റഷ്യയും ഇറാനും പ്രതിരോധ പങ്കാളിത്തം വിപുലപ്പെടുത്തുന്നത് അപകടകരമാണെന്ന് അമേരിക്കൻ ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി. ”റഷ്യ ഇറാന് വ്യോമ പ്രതിരോധ സംവിധാനം ഉൾപ്പെടെ അത്യാധുനിക സൈനിക സഹായം നൽകാമെന്ന് ഏറ്റിട്ടുണ്ട്. ഇറാൻ നിർമിത ഡ്രോണുകൾ റഷ്യ യുക്രെയ്നിൽ ആക്രമണത്തിന് ഉപയോഗിക്കുന്നു. മുമ്പെങ്ങുമില്ലാത്ത സൈനിക സാങ്കേതിക സഹായമാണ് ഇരുരാഷ്ട്രങ്ങളും നൽകുന്നത്. ഇറാൻ പൈലറ്റുമാർക്ക് റഷ്യ പരിശീലനം നൽകുന്നു. പൂർണ തോതിലുള്ള പ്രതിരോധ പങ്കാളിത്തമായി അത് വളരുകയാണ്. അപകടകരമാണ് ഈ നീക്കം. ഇതിനെതിരെ ഉപരോധം ഉൾപ്പെടെ എല്ലാ വഴികളും അമേരിക്ക സ്വീകരിക്കും. റഷ്യ നൽകുന്ന യുദ്ധവിമാനങ്ങൾ ഇറാന്റെ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണ്” -ജോൺ കിർബി പറഞ്ഞു.
