ഈജിപ്തിലെ ക്രിസ്ത്യൻ വ്യക്തി നിയമങ്ങൾക്ക് ഉടൻ അംഗീകാരം
കെയ്‌റോ: ദൈവാലയങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുന്ന ഭരണകൂട നടപടിക്ക് പിന്നാലെ, മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്റ്റിൽനിന്ന് ക്രൈസ്തവ സമൂഹത്തിന് ഇതാ മറ്റൊരു സദ്വാർത്തകൂടി: ഏറെനാളായി കാത്തുകാത്തിരിക്കുന്ന ക്രിസ്ത്യൻ വ്യക്തിനിയമങ്ങൾക്ക് പാർലമെന്റ് ഉടൻ അംഗീകാരം നൽകുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുമായി കൂടിയാലോചിച്ച് തയാറാക്കിയ കരട് നിയമം ജനുവരി 23ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന വിവരം പാർലമെന്റ് അംഗത്ത ഉദ്ധരിച്ച് ‘വത്തിക്കാൻ ന്യൂസാ’ണ് പുറത്തുവിട്ടത്.
കുടുംബം, വിവാഹം എന്നിവയുൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ക്രൈസ്തവ സഭകൾക്ക് ബാധകമാകേണ്ട വകുപ്പുകൾ ഉൾക്കൊള്ളിച്ചുള്ള നിയമ നിർമാണത്തിനുള്ള ശ്രമങ്ങൾ 2014ലാണ് ആരംഭിച്ചത്. എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള, ഏതാണ്ട് ഏഴു വർഷം നീണ്ട ചർച്ചകൾക്കും പ~നങ്ങൾക്കുംശേഷം 2021ൽ കരട് നിയമത്തിന് നിയമ മന്ത്രാലയം രൂപം നൽകുകയായിരുന്നു. ഗവൺമെന്റ് അധികാരികളും നിയമ വിദഗ്ദ്ധരും സഭാ പ്രതിനിധികളും പങ്കെടുത്ത, ഏതാണ്ട് 16 സെഷനുകൾക്കു ശേഷമാണ് കരട് തയാറാക്കിയതെന്നതും ശ്രദ്ധേയം.
