ഹോട്ടലുകളും ആരാധനാലയങ്ങളും അടച്ചിടണം; മെയ് 31വരെ നിയന്ത്രണം വേണമെന്ന് കേന്ദ്രം
ന്യൂഡൽഹി: കൊവിഡ്-19 വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം. രോഗ വ്യാപനം കൂടുതലായുള്ള ജില്ലകൾ, പ്രദേശങ്ങൾ, കൺടെയ്‌ൻമെൻ്റ് സോണുകൾ എന്നിവടങ്ങളിൽ മെയ് 31വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.കേന്ദ്ര സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി അജയ കുമാർ ബല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്ത് കൈമാറിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.കൊവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ളതും ഐസിയു – ഓക്‌സിജൻ കിടക്കകൾ നിറഞ്ഞതുമായ 60 ശതമാനം സ്ഥലങ്ങളിൽ നിയന്ത്രണം വേണം. ജനങ്ങൾ കൂട്ടം കൂടുന്നതും സമ്പർക്കം ഉണ്ടാകാനുള്ള സാധ്യതകളും നിയന്ത്രിക്കണം. ഒരു തരത്തിലുള്ള ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും പാടില്ലെന്നും നിർദേശത്തിലുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ ഷോപ്പിങ് കോംപ്ലെക്‌സ്, സിനിമാ തിയേറ്റർ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടണം. പകുതി ആളുകൾക്ക് മാത്രമേ പൊതുഗതാഗതം തുറന്നു കൊടുക്കാവൂ. ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ ജോലിക്ക് ഹാജരായാൽ മതിയാകുമെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം, കൊവിഷീൽഡിന് പിന്നാലെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ്റെ വില കുറച്ചു. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കൊവാക്സിൻ സംസ്ഥാനങ്ങളിൽ നിന്നും ഈടാക്കുന്ന തുകയാണ് കുറച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 600 രൂപയിൽ നിന്നും 400 ആയാണ് കുറച്ചിരിക്കുന്നത്. വാക്സിൻ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഈ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് നൽകുന്ന വാക്‌സിൻ്റെ തുക ഡോസിന് 1,200 എന്നാണ്.
