Ultimate magazine theme for WordPress.

കുരിശിനോട് വിദ്വേഷം :ക്രൈസ്തവ  ദേവാലയങ്ങളിലെ കുരിശുകൾ വീണ്ടും  നീക്കം  ചെയ്യാനൊരുങ്ങി ചൈനീസ് ഭരണകൂടം

ബെയ്ജിംഗ്: ചൈനയിലെ ഷെജാങ്ങ്‌ പ്രവിശ്യയിലെ ക്രൈസ്തവ  ദേവാലയങ്ങളിലെ കുരിശുകള്‍ നീക്കം ചെയ്യുന്നത് പുനഃരാരംഭിക്കുവാന്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പദ്ധതിയിടുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് ക്രൈസ്തവര്‍. ഇരുപത് ലക്ഷം പ്രൊട്ടസ്റ്റന്റ് വിശ്വാസികളും 2,00,000 കത്തോലിക്കരുമുള്ള ഷെജാങ്ങ്‌ പ്രവിശ്യയില്‍ 2014 മുതല്‍ നൂറുകണക്കിന് കുരിശുകളാണ് സര്‍ക്കാര്‍ തകര്‍ത്തത്. ഷെജാങ്ങിലെ ഡോങ്ങ്‌കിയാവോ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശ് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്യുമെന്നും അറിയിച്ച് ഓഗസ്റ്റ് 3ന് അധികാരികളില്‍ നിന്നും ദേവാലയാധികൃതര്‍ക്ക് നോട്ടീസ് ലഭിച്ചതാണ് ക്രിസ്ത്യാനികളെ ആശങ്കയിലാഴ്ത്തുന്നത്.

സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചതിന് ശേഷം ഇക്കാര്യത്തില്‍ എല്ലാവരുടെയും പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ദേവാലയം പൊതു അഭ്യര്‍ത്ഥന പുറത്തുവിട്ടിട്ടുണ്ട്. ഇതിനിടെ ഷാന്‍ക്സി പട്ടണം, യോങ്ങ്ജിയാ കൗണ്ടി, ലുച്ചെങ്ങ് ജില്ല എന്നിവിടങ്ങളില്‍ ദേവാലയങ്ങളിലെ കുരിശുകളും ക്രിസ്തീയ വചനങ്ങളും നീക്കം ചെയ്യുവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, ദേവാലയങ്ങളുടെ ഭിത്തികളില്‍ തൂക്കിയിരിക്കുന്ന ‘ഇമ്മാനുവല്‍’, ‘യേശു’, ‘ക്രിസ്തു’, ‘യഹോവ’ എന്നീ വാക്കുകളും, ചിത്രങ്ങളും ഉള്‍കൊള്ളുന്ന ചെമ്പ് ഫലകങ്ങളും നീക്കം ചെയ്യുവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഷി ജിന്‍പിങ് ചൈനയുടെ പ്രസിഡന്റായ ശേഷം ഷെജാങ്ങിലെ ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നു മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2014-നും 2016-നും ഇടയില്‍ ഏതാണ്ട് ആയിരത്തിയഞ്ഞൂറിലധികം ദേവാലയങ്ങളെയാണ് സര്‍ക്കാരിന്റെ കുരിശ് തകര്‍ക്കല്‍ ബാധിച്ചത്.

ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ‘ചൈന എയിഡ്’ ഓഗസ്റ്റ് 8നു പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്.

 

Sharjah city AG
Leave A Reply

Your email address will not be published.