ഗുവാഹത്തി-ബിക്കാനീര്‍ എക്‌സ്പ്രസ് പാളംതെറ്റി: ഏഴ് പേർക്ക് ദാരുണാന്ത്യം
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബികാനീസ് എക്‌സ്‌പ്രസ് പാളം തെറ്റി. ഏഴ്പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധയിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ വൈകിട്ട് 5.15ഓടെയായിരുന്നു അപകടം സംഭവിച്ചത്. രാജസ്‌ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീർ എക്‌സ്‌പ്രസ് ആണ് പാളം തെറ്റിയത്. പശ്‌ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ വച്ച് പാളം തെറ്റിയ ട്രെയിന്റെ അഞ്ചോളം ബോഗികൾ മറിഞ്ഞതായാണ് റിപ്പോർട്ട്. ട്രെയിനിൽ ഉണ്ടായിരുന്ന 250 പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടം നടക്കുമ്പോള്‍ ട്രെയിന്‍ അമിത വേഗതയിലായിരുന്നില്ല. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ മാത്രമായിരുന്നു ട്രെയിനിന്റെ വേഗത. ബോഗികള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന് ശേഷം മറിയുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതര പരുക്കുള്ളവര്‍ക്ക് ഒരു ലക്ഷവും ചെറിയ പരുക്കുള്ളവര്‍ക്ക് 25000 രൂപയും കേന്ദ്രം പ്രഖ്യാപിച്ചു
