ഞായറാഴ്ച പ്രവൃത്തി ദിനമാക്കുന്നതിൽ നിന്നും സർക്കാർ പിന്മാറണം: നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
വാർത്ത : ജെയ്സ് പാണ്ടനാട്
തിരുവല്ല: ഞായറാഴ്ച സ്കൂളുകൾക്ക് പ്രവൃത്തി ദിനമാക്കാൻ സർക്കാർ ശ്രമിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് നാഷനൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് ആവശ്യപ്പെട്ടു. ഗാന്ധി ജയന്തി ദിനം കൂടിയായ ഒക്ടോബർ രണ്ട് ഞായർ ദിവസം വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയെന്നാണ് ആക്ഷേപം. ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി നടത്തുന്ന ബോധവത്ക്കരണ ക്ലാസ്സിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും സ്കൂളിലെത്താൻ നിർദ്ദേശമുണ്ട്. മതപരമായ ചടങ്ങുകളിലും ആരാധനകളിലും പങ്കെടുക്കേണ്ട ദിവസം സർക്കാർ ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത് അനുചിതമായ തീരുമാനമാണെന്ന് യോഗം വിലയിരുത്തി. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് കുർബ്ബാന, ആരാധന, പ്രാർത്ഥന, സൺഡേ സ്കൂൾ, ബൈബിൾ ക്ലാസ്സ് എന്നിവ നടക്കുന്ന ദിവസമാണ് ഞായറാഴ്ച. ഇതേ ദിവസം തന്നെ സർക്കാർ പ്രവൃത്തിദിനമാക്കുന്നത് വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് യോഗം കുറ്റപ്പെടുത്തി.സംസ്ഥാന ചെയർമാൻ ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
വി ജി ഷാജി, ഫാദർ ഗീവർഗ്ഗീസ് കോടിയാട്ട്, പാസ്റ്റർ കെ വി ഏബ്രഹാം, പാസ്റ്റർ ടീ ഉമ്മൻ ജേക്കബ് , ഫാദർ എൽ ടി പവിത്രസിങ്, ഷിബു കെ തമ്പി, ഷാജി ടി ഫിലിപ്പ്,
ഫാദർ ടീ എ ഫിലിപ്പ്, കോശി ജോർജ്, ഫാദർ ഏബ്രഹാം ഇരിമ്പിനക്കൽ, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, അഡ്വ. ഫാദർ കെ ജോണൂകുട്ടി, പി എ സജിമോൻ, അഡ്വ. ബേബി പോൾ, അഡ്വ. കെ എം പൗലോസ് എന്നിവർ പങ്കെടത്തു.
