ഗോവയിൽ ബിജെപി ക്രിസ്ത്യന്‍ വോട്ടുകള്‍ തേടുന്നു
ബെംഗളൂരു: വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടുള്ള വലിയൊരു രാഷ്ട്രീയ കരിയര്‍ തന്നെ തേജസ്വിക്ക് സൂര്യക്കുണ്ട്. പലതും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്നതാണ്. ഇക്കഴിഞ്ഞ ദിവസം മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വരെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരണെന്ന് തേജസ്വി പറഞ്ഞിരുന്നു. ഹിന്ദുക്കളില്‍ നിന്ന് പലരെയും മതം മാറ്റി ഇവര്‍ കൊണ്ടുപോയിട്ടുണ്ടെന്നും ഒരാളെയും ആ മതത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും, അവരെല്ലാം ഹിന്ദു മതത്തിന്റെ ഭാഗമാണെന്നും തേജസ്വി സൂര്യ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ അദ്ദേഹം പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇത് ആദ്യത്തെ സംഭവമാകും. തേജസ്വി സൂര്യ എന്തുകൊണ്ട് മാപ്പു പറഞ്ഞു എന്നതും പ്രധാന വിഷയമാണ്. ക്രിസ്ത്യന്‍ നിയമങ്ങളെ രൂക്ഷമായും തേജസ്വി വിമര്‍ശിച്ചിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ അത് പിന്‍വലിച്ച് മാപ്പുപറയുന്നുവെന്ന് തേജസ്വി പറഞ്ഞിരുന്നു. തേജസ്വി ഒരിക്കലും ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മാപ്പുപറയാറില്ല. ഇത്തവണ അത് പറയാന്‍ കാരണം ഗോവ തിരഞ്ഞെടുപ്പാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഗോവയില്‍ ബിജെപിക്ക് ഇപ്പോള്‍ ശക്തമായ വിജയസാധ്യതയുണ്ട്. അതില്ലാതാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിക്ക് ഗോവയില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ വേണം. ന്യൂനപക്ഷങ്ങള്‍ ബിജെപിയില്‍ നിന്ന് അകന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ബിജെപിക്ക് വലിയ തിരിച്ചടിയാവുമെന്ന് ഭയമുണ്ട്. ഗോവയില്‍ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. ക്രിസ്ത്യന്‍ വിഭാഗം കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ ഗോവയിലെ ഫലം തന്നെ മാറി മറിയും. ദേശീയ തലത്തില്‍ നിന്ന് തന്നെ നിര്‍ദേശം വന്നത് കൊണ്ടാണ് തേജസ്വി പരാമര്‍ശം പിന്‍വലിച്ചതെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. തേജസ്വി പറഞ്ഞ രീതി ശരിയായില്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. പാകിസ്താനികളെ പോലും വിടരുതെന്നും, അവരെയും ഹിന്ദുയിസത്തിലേക്ക് മതം മാറ്റണമെന്ന് ഉഡുപ്പിയിലെ ഒരു പ്രസംഗത്തില്‍ തേജസ്വി പറഞ്ഞു. പാകിസ്താന്‍ പൗരന്‍മാരെ പോലും മതം മാറ്റി ഹിന്ദുവാക്കുന്നതാണ് ടാര്‍ഗറ്റെന്നും തേജസ്വി പറയുന്നു. പ്രതിപക്ഷം ഈ പ്രസംഗം ശക്തമായി പലയിടത്തും ഉന്നയിച്ചിരുന്നു. മതംമാറ്റവുമായി ബന്ധപ്പെട്ട വിഷയം സജീവമായി ഉയര്‍ത്തുന്നതില്‍ ഹിന്ദു സമൂഹവും പരാജയപ്പെട്ടെന്ന് തേജസ്വി സൂര്യ ഉന്നയിച്ചിരുന്നു.
