ക്രിസ്തീയ മൂല്യങ്ങള്‍ക്ക് ശക്തമായ പ്രാധാന്യം നൽകുന്ന ആദ്യ വനിത പ്രധാനമന്ത്രിയായി ജോര്‍ജ്ജിയ മെലോണി
റോം: ക്രിസ്തീയ മൂല്യങ്ങള്‍ക്ക് ശക്തമായ പ്രാധാന്യം നല്‍കുന്ന ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രധാനമന്ത്രിയായി ജോര്‍ജ്ജിയ മെലോണി ചുമതലയേറ്റ സാഹചര്യത്തില്‍ രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് തുറന്നിരിക്കുന്നതെന്നു ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ബൊളോഗ്ന മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. താനൊരു ക്രൈസ്തവ വിശ്വാസിയാണെന്നും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ വളരെയേറെ ആദരിക്കുന്ന വ്യക്തിയാണെന്നും മെലോണി തന്റെ പല പ്രസംഗങ്ങളിലും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ വാദം, ക്രൈസ്തവ വിശ്വാസത്തിലൂന്നിയുള്ള പ്രചാരണ രീതി, ഫെമിനിസത്തെ നിരാകരിക്കുക, സ്വവര്‍ഗ്ഗബന്ധങ്ങളോടുള്ള രൂക്ഷമായ എതിര്‍പ്പ്, അഭയാര്‍ത്ഥി പ്രവാഹത്തില്‍ നിയന്ത്രണം എന്നിവയെല്ലാം ബ്രദേഴ്‌സ് ഇറ്റലി പാര്‍ട്ടിയുടെ പ്രത്യേകതകളാണ്. മാറ്റിയോ സാല്‍വിനിയുടെ ലീഗ് പാര്‍ട്ടിയും, സില്‍വിയോ ബെര്‍ലൂസ്കോണിയുടെ ഫോര്‍സാ ഇറ്റാലിയ പാര്‍ട്ടിയും അടങ്ങുന്ന സഖ്യകക്ഷി സര്‍ക്കാരിനാണ് മെലോണി നേതൃത്വം നല്‍കുന്നത്.
