എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയിട്ട് നാല് ദിവസം പിന്നിടുന്നു; കപ്പലുകള്‍ വഴിതിരിച്ചുവിടും
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് നാല് ദിവസം പിന്നിടുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ സൂയസ് കനാലില്‍ എവര്‍ ഗിവണ്‍ വഴിമുടക്കിയതോടെ ചരക്ക് കപ്പലുകള്‍ പലതും വഴിതിരിച്ചുവിടുകയാണ്. തെക്കേ ആഫ്രിക്കന്‍ മേഖലയില്‍ കൂടിയുള്ള വഴിതിരിച്ചുവിടല്‍ ചരക്ക് നീക്കത്തിന് ആഴ്ചകളുടെ കാലതാമസമാണ് ഉണ്ടാക്കുക. ചെലവും കൂടും.
കടല്‍ക്കൊള്ളയ്ക്ക് പേരുകേട്ട ഈ മേഖലയില്‍ കൂടിയുള്ള ചരക്ക് നീക്കം ആശങ്കയും വര്‍ധിപ്പിക്കുന്നു. കപ്പല്‍ പുറത്തെടുക്കാന്‍ ആഴ്ചകള്‍ വേണ്ടിവന്നേക്കുമെന്നാണ് ചില വിദഗ്ധ സംഘങ്ങള്‍ വിലയിരുത്തുന്നത്. ഇത് കണക്കിലെടുത്ത് പല കപ്പലുകളും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചുതുടങ്ങി. എവര്‍ ഗിവണ്‍ വഴിമുടക്കിയതോടെ 185 കപ്പലുകളാണ് സൂയസ് കനാലില്‍ യാത്ര തുടരാനാവാതെ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ ഏഴോളം കപ്പലുകളില്‍ യൂറോപ്പിലേക്കുള്ള ദ്രവരൂപത്തിലുള്ള പ്രകൃതി വാതകമാണുള്ളത്.ഇവ വഴിതിരിച്ചുവിട്ടിട്ടുണ്ട്. തടസം തുടര്‍ന്നാല്‍ ഒമ്പത് ടാങ്കറുകള്‍ കൂടി ഉടന്‍ ഗതിമാറ്റി വിട്ടേക്കും. 9600 കോടി യു.എസ്. ഡോളര്‍ (ഏകദേശം 69,740 കോടി രൂപ) മൂല്യമുള്ള ചരക്കുകളാണ് വിവിധ കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ സിമെന്റ്, എണ്ണ, ഇന്ധനം, രാസവസ്തുക്കള്‍ എന്നിവയടങ്ങുന്ന 40 കപ്പലുകളും കന്നുകാലികളെ കടത്തുന്ന എട്ടു കപ്പലുകളും മറ്റ് 30 ചരക്കുകപ്പലുകളും ഒരു വെള്ള ടാങ്കറും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ വന്‍കരയുടെ തെക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന മുനമ്പിന് സമീപത്തൂടെയാവും ചരക്ക് കപ്പലുകള്‍ വഴിതിരിച്ചുവിടുന്നത്. സൂയസ് കനാല്‍ നിര്‍മാണത്തിന് മുന്‍പ് ചരക്ക് നീക്കം കേപ് ഓഫ് ഗുഡ് ഹോപ് എന്നറിയപ്പെടുന്ന ഈ ഭാഗത്തുകൂടിയാണ് നടന്നിരുന്നത്. എയര്‍ ഗിവണ്‍ തടസം തീര്‍ത്തതോടെ കേപ് ഓഫ് ഗുഡ് ഹോപിലൂടെ വഴിതിരിഞ്ഞുപോവുന്ന കപ്പലുകള്‍ക്ക് നേരെ കടല്‍ക്കൊള്ളയ്ക്കുള്ള സാധ്യത ഉണ്ടെന്ന ആശങ്കയും വര്‍ധിക്കുകയാണ്. വടക്കു കിഴക്കേ ആഫ്രിക്കയിലെ ഹോണ്‍ ഓഫ് ആഫ്രിക്ക, ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങൾ കടല്‍ക്കൊള്ളയ്ക്ക് പേരുകേട്ട മേഖലകളാണ്. നിരവധി രാജ്യങ്ങള്‍ കവര്‍ച്ച സംബന്ധിച്ച് ആശങ്കകള്‍ പങ്കുവെച്ചതായി യുഎസ് നേവി വക്താവ് ഫിനാന്‍ഷ്യല്‍ ടൈംസിനോട് പ്രതികരിച്ചു.
അതേസമയം ടഗ്‌ബോട്ടുകളും ഡ്രെഡ്ജറുകളും ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്ന കപ്പലിനെ പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെടുകയാണുണ്ടായത്. കപ്പലിലെ ചരക്ക് നീക്കം ചെയ്ത് ഭാരം കുറച്ച് കപ്പല്‍ നീക്കുക, ടഗ്ഗ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ വലിച്ചകത്തുക, മണ്ണുമാന്തി കപ്പലുകളുപയോഗിച്ച് ചളിയിലേക്ക് ഇടിച്ചുകയറി നില്‍ക്കുന്ന കപ്പലിന്റെ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം ശനിയാഴ്ച രാത്രിയോടെ കപ്പലിനെ മാറ്റാനാവുമെന്നാണ് കപ്പലിന്റെ ഉടമസ്ഥരുടെ പ്രതീക്ഷ. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ആഗോളവിപണിയോട് മാപ്പ് ചോദിക്കുന്നുവെന്നും ജപ്പാന്‍ ഉടമസ്ഥനായ യുക്കീറ്റോ ഹിഗാകി പറഞ്ഞു. എവര്‍ ഗിവണ്‍ കപ്പല്‍ പുറത്തെത്തിച്ചാല്‍ ഈ ഭാഗത്ത് കുടുങ്ങിയ മറ്റ് കപ്പലുകള്‍ക്ക് യാത്ര തുടരാനാവും. എന്നാല്‍ ഒരേ ഭാഗത്തേക്കുള്ള നിരവധി കപ്പലുകള്‍ ഒരുമിച്ച് യൂറോപ്യന്‍ തീരത്തേക്ക് യാത്ര പുനരാരംഭിക്കുന്നത് തീരത്ത് കപ്പല്‍ അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തലവേദനകളും സൃഷ്ടിക്കും. കപ്പല്‍ അകപ്പെട്ട മണ്ണ് നീക്കാനുള്ള ഡ്രെഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ 87 ശതമാനം പൂര്‍ത്തിയാക്കിയതായാണ് സൂയസ് കനാല്‍ അതോറിറ്റി പറയുന്നത്. ഡ്രെഡ്ജിങ് വിദഗ്ധരുടെ സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി അയക്കാന്‍ യുഎസ് നേവിക്കും പദ്ധതിയുള്ളതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എവര്‍ ഗിവണ്‍ ക്രൂ ആന്റ് മെയിന്റനന്‍സ് വിഭാഗം ബെര്‍ണാഡ് ഷുലെ പറഞ്ഞു. അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ചൈനയില്‍ നിന്ന് നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു എവര്‍ ഗിവണ്‍. കിയ ഓട്ടോമൊബൈല്‍സ്, ബിയര്‍ നിരവധി കേസുകള്‍, ക്രൂഡ് ഓയില്‍ തുടങ്ങി ബില്ല്യണ്‍ ഡോളറുകളുടെ ചരക്കാണ് കപ്പലിലുള്ളത്. ഭീമന്‍ ചരക്കുകപ്പലിനെ ചലിപ്പിക്കാന്‍ 20,000 ക്യൂബിക് മീറ്റര്‍(7,06,000 ക്യൂബിക് അടി) മണല്‍ നീക്കേണ്ടി വരുമെന്ന് വിലയിരുത്തല്‍.
