കൊവിഡിന്റെ പുതിയ ഉപ വകഭേദം കേരളത്തില്‍ കൂടുന്നതായി കണ്ടെത്തല്‍
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം കൊവിഡ് വ്യാപനം രൂക്ഷമാവാന്‍ കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി കണ്ടെത്തി. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സംസ്ഥാനത്തെ അഞ്ചു ജില്ലയിലാണ് ഡെല്‍റ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. ഇപ്പോഴുള്ള ഡെല്‍റ്റയെക്കാള്‍ (ബി.1.617.2) അപകടകാരിയാണോ എ.വൈ. 1 എന്ന് വ്യക്തമായിട്ടില്ല. ആഗസ്റ്റില്‍ പരിശോധിച്ച 909 സാംപിളുകളില്‍ 424 എണ്ണത്തിലും ഡെല്‍റ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ (എ.വൈ. 1 മുതല്‍ എ.വൈ. 25 വരെ) സാന്നിധ്യമുണ്ട്. എ.വൈ. 1 ഒഴികെയുള്ളവയുടെ കൃത്യത സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ആഗസ്റ്റില്‍ എ.വൈ.1 മാത്രം ആറു ശതമാനത്തിലേറെയായി. സി.എസ്.ഐ.ആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐ.ജി.ഐ.ബി) പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്. അഞ്ചു ശതമാനത്തിലേറെ എ.വൈ. 1 കണ്ടെത്തിയത് കേരളത്തില്‍ മാത്രമാണെന്ന് പഠനസംഘത്തിലെ ഡോ. വിനോദ് സ്‌കറിയ പറഞ്ഞു. കേരളം കഴിഞ്ഞാല്‍ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്. വാക്‌സിന്‍ എടുത്തതുകൊണ്ടുള്ള പ്രതിരോധശേഷിയെ എ.വൈ. 1 കൂടുതലായി മറികടക്കുന്നില്ലെന്ന് യു.കെ.യില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്റെ (രണ്ട് വാക്‌സിനുമെടുത്തവര്‍ക്ക് കോവിഡ് വരുന്നത്) 155 സാംപിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണത്തില്‍ എ.വൈ. 1 കണ്ടെത്തി.
