ജെറുസലേമില്‍ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ മെത്രാന്മാര്‍
ലണ്ടന്‍: കൊല്ലപ്പെട്ട അല്‍ജസീറ മാധ്യമ പ്രവര്‍ത്തകയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീന്‍ അബു അക്ലേയുടെ സംസ്‌കാര ചടങ്ങിലേക്ക് ഇരച്ചുകയറി ഇസ്രയേലി സൈന്യം നടത്തിയ ആക്രമണത്തെ മെത്രാന്‍മാര്‍ പ്രത്യേകം അപലപിച്ച് വിശുദ്ധ നാട് സന്ദര്‍ശനം നടത്തിയ ഒരു സംഘം യൂറോപ്യന്‍ മെത്രാന്മാര്‍. ജെറുസലേമില്‍ ക്രൈസ്തവ വിശ്വാസികള്‍ നേരിടുന്ന ഭീഷണിയെപറ്റിയും മെത്രാന്മാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഇസ്രായേല്‍ പോലീസിന്റെ നടപടിയിലും മെത്രാന്മാര്‍ ആശങ്ക രേഖപ്പെടുത്തി. ജെറുസലേം എന്നത് പൊതുവായിട്ടുള്ള പൈതൃക സമ്പത്താണ്. അത് ഒരു മതത്തിന് മാത്രം കുത്തകാവകാശമുള്ള സ്ഥലമായി മാറാന്‍ പാടില്ല. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി തീര്‍ത്ഥാടകരുടെ സന്ദര്‍ശനം കുറഞ്ഞത് മൂലം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജറുസലേമിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രൈസ്തവരെ സഹായിക്കണമെന്നും മെത്രാന്‍സംഘം പുതിയതായി അവിടേയ്ക്ക് എത്തുന്ന തീര്‍ത്ഥാടകരോട് ആഹ്വാനം ചെയ്ത മെത്രാന്‍ സംഘം വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ഒരു റെയ്ഡിനെ പറ്റി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയിലെ അംഗമായിരുന്ന ഷിരീന്‍ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടസംഭവത്തെയും അപലപിച്ചു. ഇക്കഴിഞ്ഞ 21 മുതല്‍ ഇന്നലെ (മെയ് 26) വരെയുള്ള ദിവസങ്ങളില്‍ വിശുദ്ധനാട് സന്ദര്‍ശിച്ച സംഘത്തില്‍ 6 യൂറോപ്യന്‍ മെത്രാന്മാരാണ് ഉണ്ടായിരുന്നത്. 2000 മുതല്‍ ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മെത്രാന്‍ സംഘം ഇവിടം സന്ദര്‍ശിക്കാറുണ്ട്. വിശുദ്ധ നാടിനെ പറ്റി അവബോധം സൃഷ്ടിക്കുക, പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് മെത്രാന്‍ സമിതി രൂപം നല്‍കിയ സംഘത്തിന്റെ പ്രധാന ദൗത്യങ്ങള്‍.
