Ultimate magazine theme for WordPress.

സുഡാനിൽ ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്ന് എംബസി

സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഫ്ലാറ്റില്‍ നിന്ന് മാറ്റാനായത്

ഖാർത്തൂം: സുഡാനില്‍ സൈന്യവും കുപ്രസിദ്ധമായ അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള അധികാര പോരാട്ട സംഘര്‍ഷത്തിൽ സുഡാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി വീണ്ടും രംഗത്തെത്തി. ഇന്ത്യക്കാരാരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ബാല്‍ക്കണിപോലുള്ള തുറസായ സ്ഥലത്ത് നില്‍ക്കരുത്, ആവശ്യത്തിന് വെള്ളവും ഭക്ഷണവും മരുന്നും കരുതിവയ്ക്കുക എന്നിങ്ങനേയും നിര്‍ദേശങ്ങളുണ്ട്. സ്ഥിതിഗതികൾ ഏകദേശം ശാന്തമാകുമ്പോള്‍ തന്നെ സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .സുഡാനില്‍ ആഭ്യന്തരകലാപം അതിരൂക്ഷമായി തുടരുകയാണ്. മൂന്നാംദിവസം രാത്രിയിലും സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം ശക്തമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ആയിരത്തിലധികം പേർക്ക് പരുക്കേറ്റതായാണ് അനൗദ്യോഗിക കണക്കുകള്‍. പരുക്കേറ്റവരെ ഒഴിപ്പിക്കാനായി ഞായറാഴ്ച ഇരുപക്ഷവും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്തേയ്ക്കായിരുന്നു വെടിനിര്‍ത്തല്‍. എന്നാൽ ഇത് കർശനമായി പാലിച്ചുവോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. തലസ്ഥാനമായ ഖാർത്തൂമിലും ഒംദുർമാന്‍, ഡാർഫറിന്റെ പടിഞ്ഞാറൻ മേഖല എന്നിവയും കൈവശപ്പെടുത്തിയതായി ആർഎസ്എഫ് അവകാശപ്പെട്ടിരുന്നു. രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള മെറോവ് വിമാനത്താവളത്തിന്റെ നിയന്ത്രണവും കൈവശപ്പെടുത്തിയതായി ഞായറാഴ്ച ആർഎസ്എഫ് വ്യക്തമാക്കി. പിന്നാലെ തന്നെ വിമാനത്താവളങ്ങളുടെ നിയന്ത്രണം തിരിച്ച് പിടിച്ചതായി സൈന്യവും അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് അറബ് രാജ്യങ്ങളും യുഎസും ആവശ്യപ്പെട്ടു. ആഫ്രിക്കൻ യൂണിയൻ ഉന്നത നയതന്ത്രജ്ഞനായ മൂസ ഫാക്കി മഹാമത്തിനെ വെടിനിർത്തൽ ചർച്ചയ്ക്ക് സുഡാനിലേക്ക് അയക്കുന്നതായി പ്രഖ്യാപിച്ചു . 2021 ഒക്ടോബറിലെ സൈനിക അട്ടിമറിക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. കൂടാതെ സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഫ്ലാറ്റില്‍ നിന്ന് മാറ്റാനായത്. ഞായറാഴ്ച ഫ്ലാറ്റിന്റെ ജനാലയിലൂടെ വെടിയേറ്റ ആല്‍ബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ഫ്ലാറ്റിലുണ്ടായിരുന്ന ആല്‍ബര്‍ട്ടിന്റെ ഭാര്യയേയും മകളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.