പത്തനംതിട്ട : കല്യാണം കഴിക്കാന്‍ പള്ളിയിലെത്തിയ വരന്‍ മദ്യപിച്ചു ബഹളം വെച്ചതിന്റെ പേരില്‍ വിവാഹം വേണ്ടെന്ന് വെച്ച് വധു. മണവാളനെ പോലീസ് അറസ്റ്റ് ചെയ്തു.പത്തനം തിട്ട ജില്ലയിലെ തടിയൂരിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് കുറിയന്നൂര്‍ ശാലേം മാര്‍ത്തോമ്മ പള്ളിയിലാണ് വരനായ ലിജോ ജോണ്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. വിവാഹ വസ്ത്രം ധരിച്ച് കാറിലെത്തിയ ലിജോ പളളി മുറ്റത്തുണ്ടായിരുന്നവരെ തെറി വിളിക്കുകയും ബഹളം വെക്കുകയും ചെയ്തു. കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.
വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ വൈദികനോടും ഇയാള്‍ വഴക്കുണ്ടാക്കി. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചു.
സംഭവമറിഞ്ഞെത്തിയ പോലീസിനോടും ഇയാള്‍ തട്ടിക്കയറി. മദ്യപിച്ച് അക്രമാസക്തനായി പൊതുജനശല്യമുണ്ടാക്കിയതിന് കോയിപ്പുറം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കോഴഞ്ചേരി താലൂക്കാശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.കേരള പോലീസ് ആക്ട് 118 (എ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി കോയിപ്പുറം പോലീസ് പറഞ്ഞു.
