ഡൂഡോ സെര്‍ച്ച് എന്‍ജിനു\’മായി മലയാളി
വിവരങ്ങള്‍ ചോരാതെതന്നെ തിരയാന്‍ സെര്‍ച്ച് എന്‍ജിനും ആപ്പുമായി മലയാളി. വിവര തിരച്ചിലുകളിലെ സ്വകാര്യതയും പരസ്യ സാധ്യതകള്‍ക്കുള്‍പ്പെടെ ബഹുരാഷ്ട്ര കമ്പനികള്‍ ദുരുപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് ഡൂഡോ.ഇന്‍ എന്ന പേരില്‍ സെര്‍ച്ച് എന്‍ജിനും ആപ്പും മലയാളി യുവ സംരംഭകന്‍ അവതരിപ്പിച്ചത്.
അമേരിക്കയില്‍ താമസിക്കുന്ന കോട്ടയം പാമ്പാടി സ്വദേശി നിഷാദ് ബാലനാണ് ഈ സംവിധാനവുമായി രംഗത്തെത്തിയത്.മറ്റ് സെര്‍ച്ച് എന്‍ജിനുകളില്‍നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ സേവ് ചെയ്യുന്നില്ല എന്നതാണ് ഡൂഡോയുടെ പ്രത്യേകത. ഹിന്ദിയില്‍ തിരയുക എന്നര്‍ഥമുള്ള ഡൂംഡോ എന്ന വാക്കില്‍നിന്നാണ് സെര്‍ച്ച് എന്‍ജിന് പേര് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ കയറി എന്തെങ്കിലും വിവരങ്ങള്‍ തിരഞ്ഞാല്‍ മാര്‍ക്കറ്റിങ് സാധ്യതയുള്ളതാണെങ്കില്‍ അവ അപ്പോള്‍തന്നെ ബന്ധപ്പെട്ട കമ്പനികള്‍ക്കെല്ലാം പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഇതാണ് പിന്നീട് പരസ്യ പോപ്പ് അപ്പുകളായും മറ്റും നമ്മുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഉള്‍പ്പെടെ നിറയുന്നത്. ഇത് ഒഴിവാക്കുകയെന്നാണ് ഡൂഡോയുടെ ലക്ഷ്യം.
