Ultimate magazine theme for WordPress.

വാക്സിൻ കുത്തിവെയ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി

ന്യൂഡൽഹി: വാക്സിൻ കുത്തിവെയ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി. ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെക്കുക. ആരോഗ്യപ്രവർത്തകർ ഉൾപ്പടെ അഞ്ചുപേർ മാത്രമായിരിക്കും വാക്സിൻ കുത്തിവെപ്പുകേന്ദ്രത്തിലുണ്ടായിരിക്കുക.

വാക്സിൻ കുത്തിവെപ്പു കേന്ദ്രങ്ങൾ എങ്ങനെ സജ്ജീകരിക്കണമെന്ന് സംബന്ധിച്ചും മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ കേന്ദ്രത്തിന് മൂന്നുമുറികൾ ഉണ്ടായിരിക്കണം. ആദ്യമുറി വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങൾ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടർന്ന് വാക്സിൻ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.

അരമണിക്കൂറിനുളളിൽ രോഗലക്ഷണങ്ങളോ, പാർശ്വഫലങ്ങളോ കാണിക്കുകയാണെങ്കിൽ അവരെ നേരത്തേ നിശ്ചയിച്ചിട്ടുളള ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാൻ മാർഗനിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നേരത്തേ ആരംഭിച്ച ബ്രിട്ടണിൽ കുത്തിവെപ്പിനുശേഷം ഒരാളെ പത്തുമിനിട്ട് നേരം മാത്രമാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ അത് അരമണിക്കൂറായി നീട്ടുന്നു എന്നുളളതാണ് പ്രധാനപ്പെട്ട വസ്തുത. ഇക്കാരണത്താലാണ് വാക്സിൻ വിതരണം ഒരു കേന്ദ്രത്തിൽ പ്രതിദിനം നൂറുപേർക്ക് എന്ന തോതിൽ ക്രമപ്പെടുത്തിയിരിക്കുന്നത്.

കമ്യുണിറ്റി ഹാളുകള്‍ക്ക് പുറമെ താത്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കേണ്ടത്.

Sharjah city AG