സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം: അതിതീവ്രവ്യാപനത്തിന് കാരണം ഡെല്‍റ്റയും ഒമിക്രോണും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്രമാണ്. ഡെല്‍റ്റയും ഒമിക്രോണുമാണ് വ്യാപനത്തിന് കാരണം. ഡെല്‍റ്റയേക്കാള്‍ അഞ്ചുമുതല്‍ ആറ് ഇരട്ടി വരെ ഒമിക്രോണിന് വ്യാപനമുണ്ട്. ഡെല്‍റ്റയേക്കാള്‍ തീവ്രമല്ല ഒമിക്രോണ്‍. എന്നാല്‍ ഒമിക്രോണിനെ അവഗണിക്കാന്‍ കഴിയില്ല. പോസ്റ്റ് കൊവിഡ് രോഗങ്ങള്‍ ഒമിക്രോണിലും കാണാന്‍ സാധിക്കും.
ഒമിക്രാണ്‍ വകഭേദം നിസ്സാരമാണെന്ന പ്രചാരണം തെറ്റാണ്. ഒമിക്രാണിനെതിരെ ജാഗ്രത വേണം. ഒമിക്രോണ്‍ വന്നുപോകട്ടെ എന്ന് കണക്കാക്കരുത്. ഒമിക്രോണിന് ഡെല്‍റ്റയെക്കാള്‍ അഞ്ചോ ആറോ ഇരട്ടി വ്യാപന ശേഷിയുണ്ട്.
ഡെല്‍റ്റയില്‍ മണവും രുചിയും പോകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഒമിക്രോണില്‍ 17 ശതമാനം പേര്‍ക്ക് മാത്രമാണ് ഈ ലക്ഷണങ്ങള്‍ കണ്ടത്. അതിനാല്‍ ജലദോഷം ഉണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
